Pravasimalayaly

സര്‍ക്കാരിന് കൈവിറയല്‍ ഇല്ല, എന്നും അതിജീവിതയ്‌ക്കൊപ്പം; പിണറായി വിജയന്‍

കൊച്ചി: എല്ലാം ഘട്ടത്തിലും അതിജീവിതയ്‌ക്കൊപ്പമാണ് സര്‍ക്കാര്‍ നിന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കറ്റക്കാര്‍ക്ക് നീതിയുടെ വിലങ്ങ് അണിയിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും പിണറായി പറഞ്ഞു. കേസ് കൃത്യമായി അതിന്റെ വഴിക്ക് പോകണമെന്നാതാണ് സര്‍ക്കാര്‍ നിലപാട്. മുന്‍പ് അധികാരത്തിലിരുന്നവര്‍ ഇത്തരം കേസുകളില്‍ വെള്ളം ചേര്‍ത്തത് പോലെ ഈ സര്‍ക്കാര്‍ അതു സ്വീകരിക്കുമെന്നാണ് കരുതുന്നതെങ്കില്‍ തെറ്റി. ഞങ്ങള്‍ അതിജീവിതയ്ക്കാപ്പമാണെന്ന് പിണറായി പറഞ്ഞു.

ഉത്രയ്ക്കും വിസ്മയയ്ക്കും ജിഷയ്ക്കും നീതി ലഭിച്ചതുപോലെ കേസില്‍ അതിജീവിതയ്ക്കും നീതി ലഭിക്കുമെന്ന് പിണറായി പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിന് കൈവിറയല്‍ ഇല്ല. ഒരു ഉന്നതന്റെ അടുത്തും പോകരുതെന്ന് സര്‍ക്കാര്‍ പറയില്ലെന്നും ഉപതെരഞ്ഞടുപ്പില്‍ എല്ലാം കൈവിട്ടുപോകുമ്പോള്‍ ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ ഉണ്ടാകുമെന്നും പിണറായി പറഞ്ഞു. 

തെരഞ്ഞെടുപ്പ് പ്രചാണം മൂര്‍ച്ഛിച്ച് വരുമ്പോഴുണ്ടാവുന്ന അങ്കലാപ്പ് ആണ് യുഡിഎഫ് കേന്ദ്രങ്ങളില്‍ നിന്നുണ്ടാകുന്നത്. ഇനിയങ്ങോട്ട് പലതരത്തിലും നെറികെട്ട രീതിയിലുള്ള പ്രചാരണം ഉണ്ടാകും. എന്നാല്‍ അതൊന്നും ഇവിടെ ഏശില്ലെന്ന് ഉറപ്പായിട്ടുണ്ട. കുമ്മനത്തിന്റെ സഹായം തേടിയതുകൊണ്ടൊന്നും ആരും രക്ഷപ്പെടാന്‍ പോകുന്നില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ എന്തെങ്കിലും കെട്ടുകഥകള്‍ ഉണ്ടായേക്കും. വോട്ടെടുപ്പ് അടുക്കുമ്പോള്‍ ഇതിനെക്കാള്‍ നില തെറ്റിയ  അവസ്ഥയിലേക്ക് കോണ്‍ഗ്രസ് പോയെന്നുവരാമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. 

Exit mobile version