‘ചെങ്കൊടി കാണുമ്പോള്‍ ഹാലിളകുന്നത് മാടമ്പിത്തരം’; ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് പരോക്ഷമായി മറുപടിയുമായി പിണറായി വിജയന്‍

0
40

ചെങ്കൊടി കാണുമ്പോള്‍ ചിലര്‍ക്ക് ഇപ്പോഴും വല്ലാത്ത അലര്‍ജിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പാതയോരങ്ങളില്‍ കൊടി തോരണങ്ങള്‍ കെട്ടിയതിനെ വിമര്‍ശിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് പരോക്ഷമായി മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സിപിഎം സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

ചെങ്കൊടി കാണുമ്പോള്‍ ഹാലിളകുന്നത് മാടമ്പിത്തരമാണെന്നും മാടമ്പിമാരെ എങ്ങനെയാണ് നേരിട്ടതെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസിലാകുമെന്നും പിണറായി പറഞ്ഞു. ചെങ്കൊടി ഏന്തിയവരാണ് ഈ നാട്ടിലെ ഭരണാധികാരികളായി വന്നത്. ആ ചെങ്കൊടിയോട് ഇപ്പോഴും ചിലര്‍ക്ക് വല്ലാത്ത അലര്‍ജിയാണ്. അവിടെ കൊടി കാണുന്നു, ഇവിടെ കൊടി കാണുന്നു എന്നൊക്കെ വല്ലാതെ ചോദ്യങ്ങള്‍ ചിലര്‍ ചോദിക്കുന്നതായി കാണുന്നു.

അവരോട് ഒന്നേ പറയാനുള്ളൂ. ഇത് പണ്ട് മാടമ്പിമാര്‍ പലരും ചോദിച്ചതാണ്. ആ മാടമ്പിമാര്‍ക്ക് ഉത്തരം കൊടുത്തുകൊണ്ടാണ് ഈ പ്രസ്ഥാനം വളര്‍ന്നുവന്നത്. ആ മാടമ്പിമാരുടെ ഏതെങ്കിലും തരത്തിലുള്ള താങ്ങും തണലും കൊണ്ട് വളര്‍ന്നുവന്ന പ്രസ്ഥാനമല്ല ഇത്. അത് മനസിലാക്കുന്നത് നല്ലതാണ്. ചുവപ്പ് കാണുമ്പോള്‍ ഹാലിളകുന്ന കാളയുടെ അവസ്ഥയിലേക്ക് മാറുന്നത് ഗുണകരമല്ല എന്നത് അത്തരം ആളുകളും ശക്തികളും മനസിലാക്കുന്നത് നല്ലതാണെന്നും പിണറായി തുറന്നടിച്ചു.

Leave a Reply