Pravasimalayaly

ഇടതുമുന്നണി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ജനങ്ങളുടെ വിജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:ഇതിന്റെ നേരവകാശികള്‍ നിശ്ചയമായും കേരളജനത

സംസ്ഥാനത്ത് ഇടതുമുന്നണി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ജനങ്ങളുടെ വിജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ നേരവകാശികള്‍ നിശ്ചയമായും കേരളജനതയാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാഷ്ട്രീയ ചരിത്രം തിരുത്തി കേരളം വീണ്ടും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായി വീധി എഴുതി. ഈ സന്തോഷം പങ്കുവെക്കുന്നു. എന്നാൽ ഇത്തരമൊരു വലിയ സന്തോഷം ആഘോഷിക്കാനുള്ള സമയമല്ല ഇതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുമ്പ് വിജയിക്കുമെന്ന് എന്താണ് ഇത്ര ഉറപ്പെന്ന് ചോദിച്ചപ്പോള്‍ എല്ലാം നല്‍കിയ മറുപടി തങ്ങള്‍ ജനങ്ങളെ വിശ്വസിക്കുന്നു, ഇത്തവണ കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച വിജയം നേടും എന്നായിരുന്നു. അതിനെ അന്വര്‍ഥമാക്കുന്ന ഫലമാണ് ഇപ്പോള്‍ പുറത്തുവന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തില്‍ തിരഞ്ഞെടുപ്പ് അന്തരീക്ഷം വന്നതോടെ നാടിന്റെ ആകെ നില അട്ടിമറിക്കാനുള്ള ബോധപൂര്‍വ നീക്കങ്ങളും ശ്രമങ്ങളും ഉണ്ടായി. അതിന്റെ ഭാഗമായി പല രീതിയിലുള്ള ആക്രമങ്ങള്‍ ഉണ്ടായി. അത് ഒരു ഭാഗത്ത്. അതോടൊപ്പം തന്നെ നമുക്ക് നേരിടേണ്ടി വന്ന ഒരുപാട് പ്രതിസന്ധികള്‍ ഉണ്ട്. അതിനെ എല്ലാം മറികടന്നുകൊണ്ടാണ് നമുക്ക് മുന്നോട്ട് പോകേണ്ടിയിരുന്നത്. അക്കാര്യത്തില്‍ ജനങ്ങള്‍ പൂര്‍ണമായും പൂര്‍ണമായും എല്‍ഡിഎഫിനൊപ്പമുണ്ടായി. അതുകൊണ്ടാണ് എല്ലാത്തിനയും പ്രതിരോധിക്കാന്‍ കഴിഞ്ഞത്.

ആ ജനങ്ങള്‍ ഇനിയുള്ള നാളുകളിലും എല്‍ഡിഎഫിന് ഒപ്പമുണ്ട് എന്നാണ് ജനവിധിയിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സര്‍ക്കാറിനെയും സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെയും അംഗീകരിക്കുന്ന നിലയാണ് ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version