പി ടി തോമസ് നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്ത നേതാവ്; പിണറായി വിജയന്‍

0
446

നിയമസഭയെ വാദമുഖങ്ങള്‍ കൊണ്ട് സജീവവും ചടുലവുമാക്കിയ ജനപ്രതിനിധിയായിരുന്നു പി ടി തോമസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്ത കരുത്തുള്ള നേതാവായിരുന്നു പി ടി തോമസെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. പി ടി തോമസിന് എന്നും തനതായ നിലപാടുകള്‍ ഉണ്ടായിരുന്നു. ചിലപ്പോഴെങ്കിലുമൊക്കെ അത് വ്യക്തിനിഷ്ഠമായി വന്നിരിക്കാം. എങ്കിലും അതെല്ലാം അദ്ദേഹത്തിന്റെ ഉറച്ച നിലപാടുകള്‍ തന്നെയായിരുന്നു. അതിനോട് യോജിക്കുന്നവരും വിയോജിക്കുന്നവരുമുണ്ടാകാം. ഏതായാലും അദ്ദേഹം നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്തിരുന്നില്ലെന്ന് പി ടി തോമസിന് സഭ ആദരമര്‍പ്പിക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ നിന്നാണ് പി ടി തോമസ് പൊതുരംഗത്തേക്ക് കടന്നുവരുന്നത്. നാല് തവണ നിയമസഭയിലെത്തുകയും ഒരു തവണ ഇടുക്കിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. നിയമസഭയിലും പാര്‍ലമെന്റിലും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. പശ്ചിമഘട്ടത്തിലെ പാരിസ്ഥിതിക പ്രശ്‌നം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തന്റെ പാര്‍ട്ടിക്ക് പോലും സ്വീകാര്യമല്ലാത്ത നിലപാടില്‍ ഉറച്ചുനിന്ന അദ്ദേഹത്തെ നമ്മള്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന് ശരി എന്ന് തോന്നുന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുമായിരുന്നു. അതുകൊണ്ടാണ് ചിലപ്പോഴെങ്കിലും നിലപാടുകള്‍ വ്യക്തിനിഷ്ഠമായി എന്ന് പറയുന്നത്. എങ്ങനെ സ്വീകരിക്കപ്പെടുമെന്ന് പോലും ചിന്തിക്കാതെ അഭിപ്രായങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതുകൊണ്ടാണ് പി ടി തോമസ് സ്വന്തം പാര്‍ട്ടിയില്‍ പോലും വ്യത്യസ്തനായത്. മുഖ്യമന്ത്രി പറഞ്ഞു.

രോഗത്തിന് മുന്‍പിലും തളരാതെ പി ടി തോമസ് കരുത്തോടെ നിന്നതായി മുഖ്യമന്ത്രി അനുസ്മരിച്ചു. രോഗത്തെ അതിജീവിച്ച് അദ്ദേഹം തിരിച്ചുവരുമെന്ന് പ്രതീക്ഷകളെ ഇരുളിലാക്കിക്കൊണ്ടാണ് ദുഖകരമായ വിയോഗമുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എഴുത്തും വായനയും എന്നും അദ്ദേഹത്തിന് പ്രിയപ്പെട്ടതായിരുന്നു. സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോടൊപ്പം മുന്നോട്ടുകൊണ്ടുപോകുന്ന ശൈലി പി ടി തോമസിനുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ സാംസ്‌കാരിക ആഭിമുഖ്യത്തിന്റെ സ്വാഭാവിക പരിണിതിയാകാം വയലാറിന്റെ ഗാനത്തിന്റെ അന്തരീക്ഷത്തിലാകണം അന്ത്യയാത്രയെന്ന് അദ്ദേഹം പറഞ്ഞത്. മതിയാകും വരെ ഇവിടെ ജീവിച്ച് മരിച്ചവരുണ്ടോ എന്ന വരികള്‍ ശരിക്കും പി ടി തോമസിന് ജീവിതത്തോടുള്ള സ്‌നേഹത്തിന്റെ മുഴക്കമുള്ളതായിരുന്നു. രാഷ്ട്രീയത്തില്‍ മതം ഇടപെടുന്നത് അപകടകരമാണെന്ന് ചിന്തിക്കുകയും സ്വന്തം മരണാനന്തര ചടങ്ങുകള്‍ മതനിരപേക്ഷമാകണമെന്ന് പി ടി തോമസ് ചിന്തിക്കുകയും ചെയ്തത് മുഖ്യമന്ത്രി നിയമസഭയില്‍ ചൂണ്ടിക്കാട്ടി.

Leave a Reply