Pravasimalayaly

കീവിൽ വാരാന്ത്യ കർഫ്യൂ ഒഴിവാക്കി,യുക്രൈനൊരുക്കുന്ന റെയില്‍വെ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണം: വിദ്യാര്‍ഥികളോട് മുഖ്യമന്ത്രി

തിരുവനന്തപുരം: യുക്രൈനിൽ കുടുങ്ങിയ മലയാളി വിദ്യാർഥികളെ നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കീവിൽ വാരാന്ത്യ കർഫ്യൂ ഒഴിവാക്കിയതായി അധികൃതർ അറിയിച്ചിട്ടുണ്ട്. നാട്ടിലേക്ക് വരാൻ തയ്യാറെടുത്തിരിക്കുന്ന വിദ്യാർത്ഥികൾക്ക് പടിഞ്ഞാറൻ പ്രവിശ്യയിലേക്ക് പോകാൻ അവിടത്തെ റെയിൽവേ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

“പ്രത്യേക ട്രെയിൻ സർവ്വീസ് യുക്രൈൻ റയിൽവേ ആരംഭിക്കുന്നു എന്നാണ് വിവരം. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്താൻ മലയാളി വിദ്യാർത്ഥികൾ ശ്രദ്ധിക്കണം. യാത്രയിൽ വേണ്ട മുൻകരുതലുകളും സ്വീകരിക്കണം,” മുഖ്യമന്ത്രി വ്യക്തമാക്കി. യുക്രൈനിലുള്ള വിദ്യാര്‍ഥികള്‍ക്കും അവരുടെ നാട്ടിലുള്ള ബന്ധുക്കള്‍ക്കും രക്ഷാദൗത്യവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ അറിയാനുള്ള ഫോണ്‍ നമ്പരുകളും മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്.

അതേസമയം, യുക്രൈനിലുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. കേന്ദ്രമന്ത്രിമാരായ ഹർദീപ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു, വി. കെ. സിങ് എന്നിവർ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് യുക്രൈനിന്റെ അയല്‍രാജ്യങ്ങളിലേക്ക് പോകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.

വിദ്യാര്‍ഥികളടക്കം ഇരുപതിനായിരത്തോളം ഇന്ത്യക്കാരെയാണ് നാട്ടില്‍ തിരിച്ചെത്തിക്കാനുള്ളത്. ആദ്യം യുക്രൈനിലേക്കും, പിന്നീട് അയല്‍ രാജ്യങ്ങളിലേക്കും വിമാനം എത്തിച്ചാണ് ഇതുവരെ പൗരന്മാരെ തിരികെ എത്തിച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ട് ദിവസമായി അഞ്ച് എയര്‍ ഇന്ത്യ വിമാനങ്ങളിലായി 1,156 പേരെയാണ് യുക്രൈനില്‍ നിന്ന് രക്ഷപെടുത്തിയത്.

Exit mobile version