വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം ഉണ്ടായ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ മൊഴി എടുക്കും. മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുന്ന തീയതി അന്വേഷണ സംഘം തീരുമാനിച്ചിട്ടില്ല. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെ സാക്ഷിയാക്കും.
മുഖ്യമന്ത്രിയുടെ ആരോഗ്യാവസ്ഥ മോശമെന്ന് അറിയിപ്പുള്ളതിനാല്‍ അതിന് ശേഷമായിരിക്കും മൊഴിയെടുപ്പ്. ജൂണ്‍ 12ന് മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന ഇന്‍ഡിഗോ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തപ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധവുമായി എത്തിയത്. വധശ്രമം ഉള്‍പ്പെടെ വകുപ്പുകളിലാണ് വലിയതുറ പൊലീസ് കേസ് എടുത്തിട്ടുള്ളത്. തലശ്ശേരി സ്വദേശി ഫര്‍സീന്‍ മജീദ്, പട്ടന്നൂര്‍ സ്വദേശി ആര്‍. കെ. നവീന്‍, സുനിത് നാരായണന്‍ എന്നിവരാണ് പ്രതികള്‍.
അനുകൂല മൊഴി നല്‍കുന്ന യാത്രക്കാരെ മാത്രമെന്ന് പൊലീസ് സാക്ഷികളാക്കുന്നത് എന്ന ആക്ഷേപവും ഉയരുന്നുണ്ട്. മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്ന ഗണ്‍മാന്‍ എസ് അനില്‍കുമാറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.