തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയൻ യുഎസിലെ മയോ ക്ലിനിക്കിൽ നടത്തിയ ചികിത്സയ്ക്ക് 29.82 ലക്ഷം രൂപ അനുവദിച്ച ഉത്തരവ് പൊതുഭരണവകുപ്പ് റദ്ദു ചെയ്തു. വസ്തുതാപരമായ പിശക് സംഭവിച്ചതിനാലാണ് ഉത്തരവ് റദ്ദു ചെയ്യുന്നതെന്നു പൊതുഭരണ അക്കൗണ്ട്സ് വിഭാഗത്തിന്റെ പുതുക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിയുടെ ചികിത്സയ്ക്കു പണം അനുവദിച്ച് ഏപ്രിൽ 13നാണ് ആദ്യ ഉത്തരവിറങ്ങിയത്. ചികിത്സയ്ക്കു ചെലവായ 29.82 ലക്ഷം രൂപ അനുവദിച്ചു തരാൻ മാർച്ച് 30ന് മുഖ്യമന്ത്രി പൊതുഭരണ വകുപ്പിന് അപേക്ഷ നൽകിയത് അനുസരിച്ചാണ് തുക അനുവദിക്കുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. തുടർപരിശോധനയിൽ, ക്രമപ്രകാരമല്ലാതെയോ അധികമായോ തുക മാറി നൽകിയതായി കാണുന്ന പക്ഷം മുഖ്യമന്ത്രി പ്രസ്തുത തുക തിരിച്ച് അടയ്ക്കണമെന്ന് ആദ്യം ഇറക്കിയ ഉത്തരവിൽ നിർദേശിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫിസാണ് സാധാരണ രീതിയിൽ മുഖ്യമന്ത്രിക്കു വേണ്ടി അപേക്ഷ സമർപ്പിക്കുന്നത്. മുഖ്യമന്ത്രി നേരിട്ടു അപേക്ഷ സമർപ്പിച്ചതായാണ് ഉത്തരവിൽ പറഞ്ഞിരുന്നത്. തുടർപരിശോധനയിൽ, ക്രമപ്രകാരമല്ലാതെ തുക മാറി നൽകിയതായി കണ്ടെത്തിയാൽ തിരിച്ചടയ്ക്കണമെന്ന് മുഖ്യമന്ത്രിയോട് സ്വന്തം വകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നതും ഉചിതമല്ലെന്നാണ് സർക്കാർ വിലയിരുത്തൽ. വസ്തുതാപരമായ ഇത്തരം പിശകുകൾ ഉത്തരവിൽ കടന്നു കൂടിയത് കൊണ്ടാണ് ഉത്തരവ് റദ്ദ് ചെയ്യാൻ തീരുമാനിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ജനുവരി 11 മുതൽ 26 വരെയാണ് മുഖ്യമന്ത്രി യുഎസിൽ ചികിത്സയ്ക്കായി പോയത്.