സംസ്ഥാനത്തെ വ്യവസായികളോട് ശത്രുതാപരമായി പെരുമാറരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചിലർ വ്യവസായികളെ ചൂഷണം ചെയ്യുന്നു. അത്തരക്കാർ ജയിലിൽ പോകേണ്ടിവരും. സംസ്ഥാനത്ത് ഒരു പഞ്ചായത്തിലോ മുനിസിപ്പാലിറ്റിയിലോ വലിയ പദ്ധതി വരുമ്പോൾ ആകെ നിക്ഷേപത്തിന്റെ ഒരു ഭാഗം തങ്ങളുടെ കീശയിലാക്കാൻ നോക്കുന്ന ഉദ്യോഗസ്ഥരുണ്ടെന്നും മുഖ്യമന്ത്രി വിമർശിച്ചു. അത്തരക്കാർക്ക് അധികകാലം വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാൻ കഴിയില്ലെന്നും അതിനാണല്ലോ ജയിലെന്നും മുഖ്യന്ത്രി പറഞ്ഞു.
ഏതൊരാൾക്കും ഇവിടെ വന്ന് വ്യവസായം തുടങ്ങാനാകും. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണ്. ചെറുകിടയായാലും വൻകിടയായാലും വ്യവസായികൾ ചെയ്യുന്നത് വലിയ സേവനമാണ്. കാരണം അവർ നിരവധി ആളുകൾക്ക് തൊഴിൽ നൽകുന്നുണ്ട്- മുഖ്യമന്ത്രി പറഞ്ഞു. ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് പ്രഖ്യാപന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശമാണ് പ്രസംഗത്തിൽ മുഖ്യമന്ത്രി നൽകിയത്. ഇതിന് കടകവിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കായിരുന്നു മുന്നറിയിപ്പ്.