അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തുടനീളം ഉയരുന്ന പ്രതിഷേധം യുവാക്കളുടെ വികാരമെന്താണെന്നതിന്റെ സൂചനയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ താത്പര്യം മനസിലാക്കി പ്രധാനമന്ത്രിയോട് പദ്ധതി നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി ട്വീറ്റില്‍ അറിയിച്ചു.
അഗ്‌നിവീര്‍ അംഗങ്ങള്‍ക്ക് പ്രതിരോധ മന്ത്രാലയവും പത്ത് ശതമാനം സംവരണം പ്രഖ്യാപിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് ട്വിറ്ററിലൂടെ പ്രഖ്യാപനം നടത്തിയത്. നേരത്തെ ആഭ്യന്തര മന്ത്രി അമിത് ഷായും സംവരണം പ്രഖ്യാപിച്ചിരുന്നു. അഗ്‌നിവീര്‍ പദ്ധതി വഴി സൈനിക സേവനം പൂര്‍ത്തിയാക്കുന്ന മതിയായ യോഗ്യതയുള്ളവര്‍ക്ക് പ്രതിരോധ വകുപ്പിന് കീഴിലുള്ള പത്തു ശതമാനം ഒഴിവുകള്‍ മാറ്റിവെക്കുമെന്ന് പ്രതിരോധമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു.
അഗ്‌നിപഥിനെതിരായ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ, പദ്ധതിയെ ന്യായീകരിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. മുന്‍ സൈനികരുമായി വിപുലമായ കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് പദ്ധതി ആവിഷ്‌കരിച്ചതെന്നും രാഷ്ട്രീയ തെറ്റിദ്ധാരണ പരത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് ഡല്‍ഹിയിലെ വസതിയില്‍ കര, നാവിക, വ്യോമസേ മേധാവികളുമായി ഉന്നതതലയോഗം നടത്തിയ ശേഷമാണ് പ്രതിരോധ മന്ത്രി ഇക്കാര്യം പറഞ്ഞത്.