Pravasimalayaly

‘കാലം മാറി, പൊലീസിന്റെ നാക്ക് അറപ്പ് ഉളവാക്കുന്ന ഒന്നായി മാറരുത്’: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള പൊലീസിനെ വിമര്‍ശിച്ചും ഉപദേശിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍. “കാലം ഒരുപാട് മാറിയിട്ടുണ്ട്, ആ മാറ്റം ഉള്‍ക്കൊള്ളാന്‍ പൊലീസ് തയാറാകണം. ആധുനിക പരിശീലനം ലഭിച്ചിട്ടും ചിലരില്‍ പഴയ ശീലങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അത് പൊലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കുന്ന ഒന്നാണ്. ഇത് ഓരോരുത്തരും തിരിച്ചറിയണം,” പരിശീലനം പൂർത്തിയാക്കിയ സബ് ഇൻസ്പെക്ടർമാരുടെ പാസിങ് ഔട്ട് പരേഡ് അഭിസംബോധന ചെയ്ത് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

“പൊലീസിന്റെ നാക്ക് അറപ്പ് ഉളവാക്കുന്ന ഒന്നായി മാറരുത്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് തുടക്കത്തിലെ ഓര്‍മ്മിപ്പിക്കുന്നത്. പൊലീസ് ഒരു പ്രൊഫഷണ്‍ സംവിധാനമായി മാറണം. നാടിന്റെ സാംസ്കാരിക ഉന്നമനത്തിന് അനുസരിച്ചുള്ള സേനയാണ് ആവശ്യം. പൊലീസിന് നല്‍കുന്ന പരിശീലനം ശരിയായ ദിശയിലല്ലെങ്കില്‍ അത് സമൂഹത്തിന് തന്നെ വിനയാകും,” പിണറായി വിജയന്‍ വ്യക്തമാക്കി.

“പണ്ട് കാലത്ത് പൊലീസിനെ ഉപയോഗിച്ചിരുന്നത് അടിച്ചമര്‍ത്താനായിരുന്നു. എന്നാല്‍ കാലം മുന്നോട്ട് പോയെങ്കിലും പൊലീസ് സേനയില്‍ ആ മാറ്റം ഉണ്ടായിട്ടില്ല. പൊലീസിന്റെ മുഖം വെളിവാക്കപ്പെട്ട കാലമാണിത്. പ്രളയകാലത്തും കോവിഡ് സമയത്തും ജനങ്ങളെ രക്ഷിക്കുന്നവരായി മാറി. പൊലീസിന്റെ ജനാഭിമുഖ്യമായ മുഖം കേരളം കണ്ടു. ഇതിന് ഉതകുന്ന മാറ്റങ്ങല്‍ പരിശീലനത്തിലും ഉണ്ടാകേണ്ടതുണ്ട്,” മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version