Pravasimalayaly

ഭൂരിപക്ഷം ജനങ്ങളും കെ റെയിലിന് ഒപ്പം; അന്ധമായി എതിര്‍ക്കുകയല്ല വേണ്ടത്: പിണറായി വിജയന്‍

കണ്ണൂര്‍: എല്‍ഡിഎഫിന്റെ കാലത്ത് ഒന്നും നടക്കരുതെന്ന് പ്രതിപക്ഷത്തിന് വാശിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫിന്റെ കാലത്ത് അതിവേഗ ട്രെയിന്‍ ആവാം. എന്നാല്‍ എല്‍ഡിഎഫ് ചെയ്യുമ്പോള്‍ പാടില്ല. ഒരു പദ്ധതി വരുമ്പോള്‍ അത് നാടിന് വേണ്ടിയുള്ളതാണെന്ന് ഓര്‍ക്കണം. നാടിന്റെ ഭാവി തലമുറയ്ക്ക് വേണ്ടിയുള്ളതാണെന്ന് ഓര്‍ക്കണം. അല്ലാതെ അതിനെ തടയാന്‍ ശ്രമിക്കുകയല്ല വേണ്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കെ റെയിലിന് കേന്ദ്ര അനുമതി ലഭിക്കുമെന്നുതന്നെയാണ് പ്രതീക്ഷ. കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും കെ റെയിലിന് ഒപ്പമാണ്. പ്രശ്‌നങ്ങള്‍ പ്രശ്‌നമായി ഉന്നയിക്കുന്നതിന് പകരം അന്ധമായി എതിര്‍ക്കുകയല്ല വേണ്ടത്. ചില മാധ്യമങ്ങളും അതിന് ഒപ്പംചേരുകയാണ്. വികസത്തിന് എതിരുനില്‍ക്കുന്നവരെ തുറന്ന് കാട്ടുന്നതിന് പകരം, അവര്‍ക്കുവേണ്ടി വാദിക്കുന്നു. പക്ഷെ ഒന്നും നടക്കുന്നില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി.

പരിസ്ഥിതിയുടെ പ്രശ്‌നമാണ് കെ റെയില്‍ സംബന്ധിച്ച് പറയുന്നത്. എന്നാല്‍ കെ റെയില്‍ വരുമ്പോള്‍ കാര്‍ബണ്‍ ബഹിര്‍ഗമനം വലിയ തോതില്‍ കുറയുകയാണ് ചെയ്യുന്നത്. എല്ലാം ചര്‍ച്ച ചെയ്യാമെന്നും പിണറായി വിജയന്‍ പറഞ്ഞു. പ്രകടന പത്രികയെന്നത് വെറും വാക്കല്ല, അത് ജനങ്ങള്‍ക്ക് കൊടുത്ത വാക്കാണ്. എന്ത് വിലകൊടുത്തും അത് നടപ്പിലാക്കുമെന്നും പിണറായി വ്യക്തമാക്കി.

Exit mobile version