തിരുവനന്തപുരം: അച്ഛനേയും മൂന്നാംക്ലാസുകാരിയായ മകളേയുംമൊബൈൽ ഫോൺ മോഷ്ടിച്ചെന്ന പേരിൽ പരസ്യ വിചാരണ നടത്തി അപമാനിച്ച സംഭവത്തിൽ പിങ്ക് പൊലീസിനെതിരെ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.
പിങ്ക്പൊലീസിന്‍റെ ഭാഗത്തു നിന്നുണ്ടായത് അമിതാവേശവും, ജാഗ്രതക്കുറവുമാണെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. ഐ എസ് ആര്‍ ഓയുടെ വലിയ വാഹനം കടന്നുപോകുന്നത് കാണാന്‍ തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരി മകളും വെള്ളിയാഴ്ച ആറ്റിങ്ങലില്‍ നില്‍ക്കുമ്പോഴാണ് സംഭവം നടന്നത്.
,പിങ്ക് പോലീസിന്റെ പരസ്യവിചാരണയുടെ വീഡിയോ പ്രചരിച്ചതോടെ ബാലാവകാശ കമ്മിഷൻ ചെയർമാനും ആറ്റിങ്ങൽ പൊലീസും ജയചന്ദ്രന്റെ വീട്ടിലെത്തി മകളുടെ മൊഴിയെടുത്തു. കുട്ടിക്ക് അടിയന്തിരമായി കൗൺസിലിങ്ങിന് കമ്മിഷൻ നിർദേശം നൽകി. .
ജയചന്ദ്രൻ ഫോൺ മോഷ്ടിച്ച് മകളുടെ കയ്യിൽ കൊടുത്തെന്നും പിടിക്കപ്പെടുമെന്നുറപ്പായപ്പോള്‍ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞെന്നും പറഞ്ഞായിരുന്നു പിങ്ക് പൊലീസ് വാഹനത്തിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ പരസ്യ വിചാരണ. പൊലീസുകാരിയുടെ ആക്രോശവും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകുമെന്ന ഭീഷണിയും കേട്ട് ഭയന്ന കുട്ടി ഉറക്കെ കരഞ്ഞു.
സത്യസന്ധതയ്ക്ക് ഉപഹാരം വാങ്ങിയ വ്യക്തിയെയാണ് മൊബൈൽ ഫോൺ മോഷണം പോയെന്ന പേരിൽ പൊലീസ് അപമാനിച്ചത്. രണ്ട് വർഷം മുമ്പ് വഴിയിൽ നിന്ന് കിട്ടിയ വിലകൂടിയ മൊബൈൽ ഫോൺ ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചയാളാണ് ജയചന്ദ്രൻ. വേങ്ങോട് ജംക്‌ഷന് സമീപത്ത് നിന്നാണ് ഇദ്ദേഹത്തിന് ഫോൺ കിട്ടിയത്.