Pravasimalayaly

പിങ്ക് പൊലീസിന്റെ പരസ്യവിചാരണ; നഷ്ടപരിഹാരം പൊലീസുകാരിയിൽ നിന്ന് ഈടാക്കണമെന്ന് സർക്കാർ

ആറ്റിങ്ങലിൽ എട്ടുവയസുകാരിയെ പിങ്ക് പൊലീസ് പരസ്യവിചാരണ ചെയ്ത സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ തയാറാണെന്ന് സർക്കാർ. അത് പക്ഷെ പൊലീസുകാരിയിൽ നിന്ന് ഈടാക്കാനനുവദിക്കണം. പൊലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകൾക്ക് നഷ്ടപരിഹാരം നൽകാൻ ബാധ്യത ഇല്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും സർക്കാർ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.

ഒന്നര ലക്ഷം രൂപ പെൺകുട്ടിക്ക് നൽകാനാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. കഴിഞ്ഞ ഡിസംബറിലാണ് കോടതി നഷ്ടപരിഹാരം സംബന്ധിച്ച് ഉത്തരവിട്ടത്. ഇതിനുമേൽ സർക്കാർ പിന്നീട് അപ്പീലിന് പോകുകയായിരുന്നു. ആദ്യം നഷ്ടം പരിഹാരം നൽകൂ എന്ന നിലപാടാണ് ഡിവിഷൻ ബെഞ്ച് വാക്കാൽ സ്വീകരിച്ചത്. ഹർജി മധ്യവേനലവധിക്ക് ശേഷം വിശദമായി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ആറ്റിങ്ങലിലാണ് മോഷണം ആരോപിച്ച് അച്ഛനെയും മകളെയും അപമാനിച്ചത്. ഐ.എസ്.ആർഒയുടെ ഭീമൻ വാഹനം വരുന്നത് കാണാൻ എത്തിയ തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരിയായ മകളെയുമാണ് പൊലീസ് ഉദ്യോഗസ്ഥ രജിത പൊതുമധ്യത്തിൽ അപമാനിച്ചത്. മൊബൈൽ മോഷ്ടിച്ചുവെന്നാരോപിച്ചാണ് പിങ്ക് പൊലീസ് ഉദ്യേഗസ്ഥ ജയചന്ദ്രനോടും മകളോടും മോശമായി പെരുമാറിയത്. മൊബൈൽ ഫോൺ പിന്നീട് പൊലീസ് വാഹനത്തിൽ നിന്നു തന്നെ കണ്ടെത്തുകയും ചെയ്തിരുന്നു.

Exit mobile version