Pravasimalayaly

യുഡിഎഫ് വിട്ടുപോയവരെയല്ല എല്‍ഡിഎഫിലെ അസംതൃപ്തരെയാണ് സ്വാഗതം ചെയ്യുന്നത്: മുന്നണി വിപുലീകരണം ചര്‍ച്ചയായിട്ടില്ലെന്ന് പി ജെ ജോസഫ്


യുഡിഎഫ് വിട്ടുപോയവരെയല്ല മറിച്ച് എല്‍ഡിഎഫിലെ അസംതൃപ്തരെയാണ് മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നതെന്ന് പി ജെ ജോസഫ്. കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍ അതൃപ്തരാണോയെന്ന് അറിയില്ലെന്ന് പി ജെ ജോസഫ് പറഞ്ഞു. ഇടതുമുന്നണിയിലെ ഒരു പാര്‍ട്ടിയും യുഡിഎഫിലേക്ക് വരുന്നതിനെക്കുറിച്ച് അറിയില്ല. ആരെങ്കിലും വരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവരെ സ്വാഗതം ചെയ്യും. യുഡിഎഫ് വിപുലീകരണം മുന്നണിയില്‍ ചര്‍ച്ചയായിട്ടില്ലെന്നും പി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

രണ്ട് ദിവസമായി കോഴിക്കോട് നടന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ മുന്നണി വിപുലീകരിക്കണമെന്ന് രാഷ്ട്രീയ പ്രമേയമുണ്ടായിരുന്നു. മുന്നണി വിപുലീകരണം യുഡിഎഫില്‍ ചര്‍ച്ചയായിട്ടില്ലെങ്കിലും കോണ്‍ഗ്രസിന് അത്തരമൊരു പ്രമേയം കൊണ്ടുവരാമല്ലോ എന്നും പി ജെ ജോസഫ് പ്രതികരിച്ചു.

ഇടതു മുന്നണിയില്‍ അതൃപ്തരായ കക്ഷികളെ യുഡിഎഫില്‍ എത്തിക്കണമെന്ന് സൂചിപ്പിച്ചായിരുന്നു രാഷ്ട്രീയ പ്രമേയം. കോണ്‍ഗ്രസ് ഇതിന് മുന്‍കൈ എടുക്കണം. വി. കെ. ശ്രീകണ്ഠനാണ് പ്രമേയം അവതരിപ്പിച്ചത്. ട്വന്റി20 പോലുള്ള അരാഷ്ട്രീയ പാര്‍ട്ടികളുമായി കൂട്ടുകെട്ട് വേണ്ടെന്ന് രാഷ്ട്രീയ പ്രമേയത്തിലുണ്ട്. മത തീവ്രവാദ സംഘടനകളുടെ വോട്ട് വേണ്ടെന്നും പ്രമേയം ആഹ്വാനം ചെയ്യുന്നു. സമുദായ സംഘടനകളുമായി സമദൂരം പാലിക്കണമെന്ന തീരുമാനവും പ്രമേയത്തിലുള്‍പ്പെട്ടു. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ കടന്നുകയറാനുള്ള ബിജെപി ശ്രമം തടയണമെന്നും തീരുമാനമെടുത്തിരുന്നു.

Exit mobile version