Pravasimalayaly

പതിനായിരം രൂപ പെൻഷൻ ആവശ്യപ്പെട്ട് സമരത്തിന് പി ജെ ജോസഫ്

 തൊടുപുഴ : ആദായ നികുതിയുടെ പരിധിയില്‍ വരാത്ത, ഒരു നിശ്ചിത വാര്‍ഷിക വരുമാനത്തില്‍ താഴെയുള്ള അറുപതു വയസ്സു കഴിഞ്ഞ ചെറുകിട കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ആളുകള്‍ക്കും പ്രതിമാസം പതിനായിരം രൂപ പെന്‍ഷന്‍ അനുവദിക്കണമെന്ന്  കേരളാ കോണ്‍ഗ്രസ് (എം) വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫ് എം.എല്‍.എ. ആവശ്യപ്പെട്ടു.  ഇതില്‍ അയ്യായിരം രൂപ കേന്ദ്രഗവണ്‍മെന്റും അയ്യായിരം രൂപ സംസ്ഥാന സര്‍ക്കാരും വഹിക്കണം.  പാവപ്പെട്ട കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ഇത് വലിയ ഒരു ആശ്വാസമാകും. ഈ വിഷയം ഉന്നയിച്ച് ഇന്ന് (ഒക്‌ടോബര്‍ - 14) കേരളാ കോണ്‍ഗ്രസ് (എം) നേതാക്കള്‍ സംസ്ഥാനത്തെ 140 നിയോജകമണ്ഡല ആസ്ഥാനങ്ങളിലും സത്യാഗ്രഹം അനുഷ്ഠിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ഇത്.  തുടര്‍ന്ന് പഞ്ചായത്ത് ആസ്ഥാനങ്ങളിലും ഈ ആവശ്യം ഉന്നയിച്ച് ഒക്‌ടോബര്‍ 20 ന് സത്യാഗ്രഹ സമരം നടത്തും. ഇതിനു വേണ്ട പ്രചരണം തുടര്‍ച്ചയായി നടത്തും. പൊതുജന അഭിപ്രായം സ്വരൂപിക്കുന്നതിനും മറ്റുമായി വെബിനാറുകള്‍ സംഘടിപ്പിക്കും.  ഇക്കാര്യത്തില്‍ എല്ലാവരുടെയും പിന്‍തുണ അഭ്യര്‍ത്ഥിക്കുകയാണെന്നും പി.ജെ ജോസഫ് പറഞ്ഞു. നാളെ 14/10/2020 തൊടുപുഴയില്‍ സിവിൽ സ്റ്റേഷന് മുൻപിൻ 11 മണിയ്ക്ക് നടക്കുന്ന സത്യാഗ്രഹ സമരത്തില്‍ പി.ജെ.ജോസഫ് എം.എല്‍. എ. പങ്കെടുത്ത് സമര പരിപാടികൾക്ക് തുടക്കം കുറിക്കും......
Exit mobile version