Pravasimalayaly

രാഹുല്‍ ഗാന്ധി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടിയ ആള്‍, മറ്റൊരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് പിജെ കുര്യന്‍

രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. രാഹുല്‍ ഗാന്ധി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടിയ ആളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ട്ടി അധ്യക്ഷനല്ലാത്ത ഒരാള്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നത് ശരിയല്ല. രാഹുല്‍ ഗാന്ധി ആശ്രയിക്കുന്നത് ഒരു കോക്കസിനെ മാത്രമാണ്. രാഹുല്‍ അല്ലാതെ മറ്റൊരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നും പിജെ കുര്യന്‍ ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നാഥനില്ലാക്കളരിയായി മാറിയതാണ് കോണ്‍ഗ്രസ്സിന്റെ അധഃപതനത്തിന് കാരണമെന്നാണ് പി ജെ കുര്യന്റെ കുറ്റപ്പെടുത്തല്‍. മുങ്ങാന്‍ തുടങ്ങിയ കപ്പലുപേക്ഷിച്ച് പോയ കപ്പിത്താനെപ്പോലെയാണ് രാഹുല്‍ ഗാന്ധിയെന്നും കുര്യന്‍ പരിഹസിച്ചു. ഉത്തരവാദിത്തങ്ങള്‍ ഇട്ടെറിഞ്ഞ് പോയ ആളാണ് രാഹുല്‍. രാഹുല്‍ ഗാന്ധിക്ക് സ്ഥിരതയില്ലെന്നും കുര്യന്‍ കുറ്റപ്പെടുത്തി. കൂടിയാലോചനകളില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് അധപതിച്ചുവെന്നും പിജെ കുര്യന്‍ ആഞ്ഞടിച്ചു.

നേതൃപദവികളോ ചുമതലകളോ ഇല്ലാതിരുന്നിട്ടും പാര്‍ട്ടിയുടെ നയപരമായ കാര്യങ്ങളില്‍ ഇപ്പോഴും തീരുമാനമെടുക്കുന്നത് രാഹുല്‍ ഗാന്ധിയാണെന്നും ഇത് ശരിയല്ലെന്നും പിജെ കുര്യന്‍ പറയുന്നു. അനുഭവ സമ്പത്തുളള, മുതിര്‍ന്ന നേതാക്കളുമായി യാതൊരുവിധ കൂടിയാലോചനകളും നടക്കുന്നില്ല. തനിക്കു ചുറ്റുമുളള കോക്കസുമായി മാത്രമാണ് രാഹുല്‍ ഗാന്ധിയുടെ ആശയവിനിമയം. എന്നാല്‍, ആ കോക്കസിന് വേണ്ടത്ര അനുഭവ ജ്ഞാനമില്ലെന്നും കുര്യന്‍ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടുന്നു. രാഹുല്‍ ഗാന്ധിയല്ലാത്ത മറ്റൊരാള്‍ കോണ്‍ഗ്രസ്സിന്റെ അധ്യക്ഷസ്ഥാനത്തേക്ക് വരണം അത് നെഹ്‌റു കുടുംബത്തിന് പുറത്തുളള ഒരാളാകട്ടെ. നെഹ്‌റു കുടുംബത്തില്‍ നിന്ന് തന്നെ കോണ്‍ഗ്രസ്സിന് സ്ഥിരം അധ്യക്ഷന്‍ വേണമെന്ന് നിര്‍ബന്ധമില്ല. മറ്റൊരാള്‍ കോണ്‍ഗ്രസ്സ് അധ്യക്ഷനാകുന്നതിന് തടസ്സം നില്‍ക്കുന്നത് രാഹുല്‍ ഗാന്ധിയാണെന്നും പി ജെ കുര്യന്‍ പറഞ്ഞു.

Exit mobile version