ദേശീയ കമ്മിറ്റി ഫണ്ടിൽ നിന്ന് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും തനിക്കെതിരായ ആരോപണത്തിൽ നിയമ നടപടി സ്വീകരിക്കുമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ്. ദേശീയ കമ്മിറ്റിയുടെ കത്വ ഫണ്ടിൽ നിന്ന് പണം വകമാറ്റി ചെലവഴിച്ചു എന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരോപണമുന്നയിച്ച വ്യക്തി ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച് തോൽക്കുകയും പാർട്ടി പുറത്താക്കുകയും ചെയ്ത വ്യക്തിയാണ്. സീറ്റ് ലഭിക്കാത്തതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്ത് പോയ ആളെന്നോ, അധികാരത്തിനായി പാർട്ടിയെ വഞ്ചിച്ച വ്യക്തി എന്നോ ഉള്ള ദുഷ്‌പേര് മാറ്റാനാണ് ഇപ്പോഴത്തെ കോപ്രായങ്ങൾ. – ഫിറോസ് പറഞ്ഞു.
തെരഞ്ഞെടുപ്പ് വേളയിൽ സി.എച്ച് സെന്ററിനെതിരെയായിരുന്നു ഇദ്ദേഹം ആരോപണമുന്നയിച്ചിരുന്നത്. അത് ക്ലച്ച് പിടിക്കാതെ പോയപ്പോഴാണ് ഇപ്പോൾ കത്‌വ വിഷയവുമായി വരുന്നത്. കത്‌വയിൽ ക്രൂരമായി കൊല്ലപ്പെട്ട പിഞ്ചുബാലികയുടെ കുടുംബത്തെ സഹായിക്കാനും നിയമസഹായം നൽകാനുമാണ് യൂത്ത്‌ലീഗ് ദേശീയ കമ്മിറ്റി ഫണ്ട് സമാഹരിച്ചത്. കത്‌വ-ഉന്നാവോ വിഷയങ്ങളിൽ നിയമസഹായം ഉൾപ്പെടെ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ യൂത്ത്‌ലീഗിനെ പ്രശംസിച്ചുകൊണ്ട് നേരത്തെ മാധ്യമങ്ങളിൽ വാർത്തകൾ വന്നതുമാണ്.
യുവജന യാത്രയുടെ കടം വീട്ടുന്നതിനായി 15 ലക്ഷം രൂപ ഈ ഫണ്ടിൽ നിന്നും വകമാറ്റി ചെലവഴിച്ചു എന്ന ആരോപണം ശുദ്ധ അസംബന്ധമാണത്. ഒരു രൂപ പോലും ദേശീയ കമ്മിറ്റിയുടെ ഏതെങ്കിലും ഫണ്ടിൽ നിന്ന് സംസ്ഥാന കമ്മിറ്റി വാങ്ങിയിട്ടില്ല. – അദ്ദേഹം വിശദീകരിച്ചു.
മുസ്ലിംലീഗിന്റെ ജനകീയാടിത്തറയുടെ പ്രധാന കാരണം അതിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ്. അതിന്റെ മുകളിൽ കരിനിഴൽ വീഴ്ത്താനാണ് ഈ വ്യക്തി ശ്രമിക്കുന്നത്. രാഷ്ട്രീയത്തിൽ താൽക്കാലിക നേട്ടങ്ങൾക്കായി നട്ടാൽ കുരുക്കാത്ത ദുരാരോപണങ്ങൾ ഉന്നയിക്കുന്ന ചിലരുണ്ട്. എന്നാൽ കത്വ പെണ്കുട്ടിയ്ക്ക് സഹായഹസ്തം നീട്ടിയതിനെപ്പോലും നീചമായ ഒരാരോപണത്തിലേക്ക് വലിച്ചിഴച്ചത് വൃത്തികെട്ട രാഷ്ട്രീയ പ്രവർത്തനമാണ്. അതിനെ ചെറുത്ത് തോൽപ്പിക്കേണ്ടത് അനിവാര്യമാണ്. അത് കൊണ്ട് തന്നെ ആരോപണമുന്നയിച്ച വ്യക്തിക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് യൂത്ത് ലീഗ് തീരുമാനം.- ഫിറോസ് പറഞ്ഞു.