മലപ്പുറം
2011-16 ഭരണ കാലത്ത് യു ഡി എഫ് അനുവദിച്ചത് 3000 വീട് മാത്രമാണെന്ന സിപിഎം പ്രചാരണത്തിനെതിരെ തെളിവുകൾ നിരത്തി യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ്. 414552 വീടുകളാണ് യു ഡി എഫ് ഭരണ കാലത്ത് നൽകിയ വീടുകളുടെ എണ്ണം. ഇത് ഇപ്പോൾ വരെ ഉള്ള പിണറായി സർക്കാരിന്റെ കാലാവധിയ്ക്കുള്ളിൽ നൽകിയ വീടുകളുടെ എണ്ണത്തിന്റെ ഇരട്ടിയാണ്.
വിവരാവകാശ പ്രകാരം ലഭിച്ച രേഖകളും ഫിറോസ് പുറത്ത് വിട്ടു. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
യു.ഡി.എഫ് ഭരണ കാലത്ത് കേവലം 3000 വീടുകൾ മാത്രമേ നിർമ്മിച്ച് നൽകിയിട്ടുള്ളൂ എന്നും എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് ഇത് രണ്ട് ലക്ഷത്തിലധികമായി എന്നുമൊക്കെ പോരാളി ഷാജിമാരുടെ വാട്സ് അപ്പ് ഗ്രൂപ്പുകൾ കുറച്ചായി പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ഇന്നലെ മനോരമ ചാനലിൽ സി.പി.എമ്മിനെ പ്രതിനിധീകരിച്ച് വന്ന ജെയ്ക്ക് തോമസും അതാവർത്തിക്കുന്നത് കണ്ടു.
യു. ഡി. എഫ് ഭരണ കാലത്ത് 2011-16 കാലയളവിൽ 414552 വീടുകൾ ഭവന രഹിതർക്ക് നിർമ്മിച്ച് നൽകിയിട്ടുണ്ട് എന്നാണ് എൽ.ഡി.എഫ് സർക്കാർ തന്നെ നൽകിയ വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. എന്റെ സുഹൃത്തും പെരുവയൽ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ പി.കെ ഷറഫുദ്ധീന് വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. ഇനിയെങ്കിലും കള്ളം പ്രചരിപ്പിക്കുന്നതിൽ നിന്നും സി.പി.എം വിട്ടു നിൽക്കണമെന്നാണഭ്യർത്ഥിക്കാനുള്ളത്.
യു.ഡി.എഫ് ഭരണ കാലത്ത് വിവിധ സർക്കാർ വകുപ്പുകൾ മുഖേനയും തദ്ധേശ സ്വയം ഭരണ വകുപ്പ് മുഖേനയും കാര്യക്ഷമമായി നടപ്പിലാക്കിയ പദ്ധതിയായിരുന്നു വീടില്ലാത്ത പാവങ്ങൾക്കുള്ള ഭവന നിർമ്മാണ പദ്ധതി. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഈ പദ്ധതികളെല്ലാം മരവിപ്പിക്കുകയും ലൈഫ് മിഷൻ എന്ന് പേരിട്ട് ഭവന നിർമ്മാണ പദ്ധതി പ്രഖ്യാപിക്കുകയുമാണ് ചെയ്തത്.
പരസ്യത്തിനും മറ്റുമായി കോടികൾ ചെലവിട്ട് ആരംഭിച്ച ലൈഫ് പദ്ധതി മുഖേന, അഞ്ചാം വർഷത്തിലെത്തിയ എൽ.ഡി.എഫ് സർക്കാർ തന്നെ അവകാശപ്പെടുന്നത് രണ്ടര ലക്ഷം ആളുകൾക്ക് വീട് നിർമ്മിച്ചു നൽകി എന്നാണ്. എന്നാൽ യാതൊരു പരസ്യവുമില്ലാതെ യു ഡി എഫ് ഭരണ കാലത്ത് ഇതിന്റെ ഇരട്ടിയോളം വീട് നിർമ്മിച്ച് നൽകിയിട്ടുണ്ട് എന്നതാണ് വസ്തുത.
അഞ്ചരക്കോടിയോളമാണ് പരസ്യത്തിനും മറ്റിനത്തിനുമായി ചെലവഴിച്ചത്(വിവരാവകാശ രേഖ നോക്കുക). ഈ തുകയുണ്ടായിരുന്നെങ്കിൽ എത്ര പേർക്ക് വീട് വെച്ച് കൊടുക്കാനാകുമായിരുന്നു. മാത്രവുമല്ല സ്വപ്ന സുരേഷിനടക്കം നൽകിയ കോടികളുടെ കമ്മീഷൻ കൂടി ചേർത്താൽ തുക ഇനിയും ഉയരും. പാവപ്പെട്ടവർക്ക് വീട് വെച്ച് നൽകേണ്ട പണമടക്കം സ്വപ്നമാർക്ക് അടിച്ചു മാറ്റാൻ അവസരമൊരുക്കിയവരാണ് ലൈഫിന്റെ പേരിൽ ഇപ്പോൾ അവകാശവാദമുന്നയിക്കുന്നത്. ഈ തട്ടിപ്പു സംഘത്തെ അധികാരത്തിൽ നിന്നും പറിച്ചെറിയുക എന്നത് മാത്രമാണ് പോം വഴി. ആ ചരിത്രപരമായ ഉത്തരവാദിത്തമാണ് നമുക്ക് നിർവ്വഹിക്കാനുള്ളത്.
അറ്റാച്ച്മെന്റ്: 397343 വീടുകൾ നൽകിയതിന്റെ കണക്കാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. 17209 വീടുകൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഴിയാണ് നൽകിയിട്ടുള്ളത്. ഇതിന്റെയും വിവരാവകാശ രേഖ കൈവശമുണ്ട്. അഞ്ഞൂറിലധികം പേജുള്ളതിനാൽ ഇവിടെ പ്രസിദ്ധീകരിക്കുന്നില്ല(വിശ്വാസ്യതക്കായി പേപ്പർ കെട്ടിന്റെ മോഡലും കൊടുത്തിട്ടുണ്ട്)
പരസ്യത്തിനും മറ്റിനത്തിനുമായി ചെലവഴിച്ച തുകയുടെ കണക്കും ഇവിടെ പ്രസിദ്ധീകരിക്കുന്നു.





