Pravasimalayaly

പിസി ജോർജിന് ജാമ്യം ലഭിക്കാൻ സർക്കാർ ഒത്തുകളിച്ചെന്ന് പികെ ഫിറോസ്

പിസി ജോർജിന് ജാമ്യം ലഭിക്കാൻ സർക്കാർ ഒത്തുകളിച്ചെന്ന ​ഗുരുതര ആരോപണവുമായി മുസ്ലിംലീ​ഗ് നേതാവ് പികെ ഫിറോസ് രം​ഗത്ത്. പിസി ജോർജിന് ജാമ്യം നൽകുന്നതിനെതിരെ സർക്കാർ അഭിഭാഷകൻ പ്രതികരിക്കാത്തത് സംശയാസ്പദമാണെന്ന് പികെ ഫിറോസ് ട്വന്റിഫോറിനോട് പറഞ്ഞു. ജാമ്യ ഉപാധി പ്രതി ലംഘിച്ചിട്ടുണ്ടെന്നും സർക്കാർ ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്രമന്ത്രി വി മുരളീധരന്‍ ആര്‍എസ്എസ് ക്രിമിനലിനെപ്പോലെയാണ് പെരുമാറിയതെന്ന് ഇ പി ജയരാജന്‍ കുറ്റപ്പെടുത്തി. കേന്ദ്രമന്ത്രിയുടേത് അപക്വമായ പെരുമാറ്റമായിരുന്നു. നിലവാരമില്ലാത്ത ഇടപെടലാണുണ്ടായത്. കേന്ദ്രമന്ത്രി വി മുരളീധരനെ ബിജെപി നേതൃത്വം നിയന്ത്രിക്കണമെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പിസി ജോര്‍ജിന് ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുതെന്നാണ് ഉപാധി. അറസ്റ്റിന് കാരണമായ പരാമര്‍ശങ്ങളില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്ന് പി സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു പിസിയുടെ പ്രതികരണം. തീവ്രവാദികള്‍ക്കുള്ള പിണറായി സര്‍ക്കാരിന്റെ റംസാന്‍ സമ്മാനമാണ് തന്റെ അറസ്റ്റെന്ന് പി സി ജോര്‍ജ് പറഞ്ഞു.

വെള്ളിയാഴ്ച വൈകുന്നേരമാണ് അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ പിസി ജോര്‍ജ് മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയത്. കച്ചവടം നടത്തുന്ന മുസ്ലീങ്ങള്‍ പാനീയത്തില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നുവെന്നും, മുസ്ലീങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇന്ത്യ മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്നും പിസി ജോര്‍ജ് ഇന്നലത്തെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവിശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നുവെന്നും പിസി ജോര്‍ജ് പറഞ്ഞു.

Exit mobile version