Pravasimalayaly

വേവു പാത്രത്തിലേക്കുള്ള വിഭവമായാണ് എസ് ഡി പി ഐ ഈ സമുദായത്തെ എടുത്തിട്ട് നൽകിയിരിക്കുന്നത്

ബാംഗ്ലൂർ കലാപത്തിൽ എസ് ഡി പി ഐ യേ രൂക്ഷമായി വിമർശിച്ച് യൂത്ത് ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. എസ് ഡി പി ഐ യുടെ അക്രമം ബി ജെ പി യ്ക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കിയെന്നും വേവു പാത്രത്തിലേക്കാണ് എസ് ഡി പി ഐ ഈ സമുദായത്തെ എടുത്തിട്ട് നൽകിയത്. കേരളത്തിൽ നടത്താൻ കഴിയാഞ്ഞത് ബാംഗ്ലൂരിൽ നടത്താൻ ശ്രമിക്കുകയാണവർ. പ്രവാചകന്റെ പേരിൽ കൈ വെട്ടുന്നവരെയും കലാപമുണ്ടാക്കുന്നവരെയും ഒറ്റപ്പെടുത്തണമെന്നും പി കെ ഫിറോസ് തുറന്നടിച്ചു

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം

ബാംഗ്ലൂരിൽ നിന്ന് ഒരു സുഹൃത്ത് വിളിച്ചിരുന്നു. പ്രവാചകനെ അപമാനിക്കും വിധം ഫെയിസ് ബുക്കിൽ പോസ്റ്റിട്ടതിനെ ചൊല്ലിയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് ഇപ്പോഴും ശമനമുണ്ടായിട്ടില്ല എന്നാണ് പറഞ്ഞത്. കലാപബാധിത പ്രദേശങ്ങളിലുള്ളവർ ഇപ്പോഴും വല്ലാത്ത അരക്ഷിത ബോധത്തിലാണത്രേ ഓരോ ദിവസവും തള്ളി നീക്കുന്നത്. ആരാണ് ഇതിനുത്തരവാദി?

എസ്.ഡി.പി.ഐ എന്ന സംഘടനയാണ് ഈ കലാപങ്ങൾക്ക് നേതൃത്വം നൽകിയത്. പ്രവാചകനെ അപമാനിച്ചു എന്ന് പറഞ്ഞ് വികാരമുണ്ടാക്കി ജനക്കൂട്ടത്തെ മുഴുവൻ തെരുവിലിറക്കി മന:പ്പൂർവം കലാപമുണ്ടാക്കുകയായിരുന്നു. കോൺഗ്രസ് എം.എൽ.എയുടെ ബന്ധുവാണ് ഫെയിസ്ബുക്കിൽ പോസ്റ്റ് ചെയ്തത് എന്ന കാരണത്താൽ എ.എൽ.എ യുടെ വീട് കലാപകാരികൾ തകർത്ത് കളഞ്ഞു. ഡി. കെ ശിവകുമാറിൻ്റെ നേതൃത്വത്തിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് കിണഞ്ഞു പരിശ്രമിക്കുമ്പോഴാണ് ഇപ്പണി എസ്.ഡി.പി.ഐ ചെയ്യുന്നത്.

ജനങ്ങളെ മുഴുവൻ രണ്ട് കള്ളികളിലാക്കുന്ന ബി.ജെ.പിക്ക് ഇപ്പോൾ കാര്യങ്ങൾ കുറച്ചു കൂടി എളുപ്പത്തിലായി. ഒട്ടുമിക്ക തെരഞ്ഞെടുപ്പിന് മുമ്പും തങ്ങൾക്ക് ലാഭമോ നഷ്ടമോ ഉണ്ടാക്കിയ കലാപങ്ങൾക്ക് ബിജെപി താൽപര്യം കാണിച്ചതിന് ഒരുപാട് ഉദാഹരണങ്ങൾ കാണാൻ കഴിയും. ആ വേവു പാത്രത്തിലേക്കുള്ള വിഭവമായാണ് എസ്.ഡി.പി.ഐ ഈ സമുദായത്തെ എടുത്തിട്ടു നൽകിയിരിക്കുന്നത്.

പ്രവാചകനെ അപമാനിച്ചു എന്ന് പറഞ്ഞ് കലാപമുണ്ടാക്കിയാൽ പ്രവാചകനെ അങ്ങേയറ്റം സ്നേഹിക്കുന്ന മുസ്ലിംകളെ വശത്താക്കാനാവുമെന്നാണ് എസ്.ഡി.പി.ഐ പ്രതീക്ഷിക്കുന്നത്. കേരളത്തിലും അവരിത് പരീക്ഷിച്ചിരുന്നു. തൊടുപുഴയിലെ അധ്യാപകന്റെ കൈവെട്ടിയത് അങ്ങിനെയായിരുന്നു. എന്നാൽ കേരളത്തിലെ മതസംഘടനകളൊറ്റക്കെട്ടായി മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ ഇതിനെതിരെ ശക്തമായി രംഗത്ത് വരികയും കൈവെട്ട് സംഭവത്തെ തള്ളിപ്പറയുകയും ചെയ്തു. മാത്രവുമല്ല ഏതെങ്കിലും തരത്തിൽ എസ്.ഡി.പി.ഐക്കോ അതിന്റെ വകഭേദങ്ങളായ എൻ.ഡി.എഫിനോ പോപ്പുലർ ഫ്രണ്ടിനോ കേരളത്തിൽ വേറുറപ്പിക്കാൻ മുസ്ലിം സമുദായം അനുവദിച്ചതുമില്ല.

ആ സംഘടനയിപ്പോൾ കർണാടകയിലെ മുസ്ലിംകളെ പരീക്ഷണത്തിനായി തെരഞ്ഞെടുത്തിരിക്കുകയാണ്. കേരളത്തിൽ പരാജയപ്പെട്ടത് അവിടെ വിജയിപ്പിക്കാനാവുമോ എന്നാണ് നോക്കുന്നത്. കർണാടകയിലെ മുസ്ലിം സഹോദരങ്ങളോട് പറയാനുള്ളത് ഈ കെണിയിൽ വീണു പോകരുതെന്നാണ്. പ്രവാചകൻ ഒരു ഫെയിസ് ബുക്ക് പോസ്റ്റിൽ തകർന്നു പോകുന്ന വ്യക്തിയല്ലെന്ന് ആദ്യം മനസ്സിലാക്കണം. പ്രവാചകനെ അധിക്ഷേപിച്ച വ്യക്തികളുടെ വീട്ടിലേക്ക് ഒരു കല്ലു പോലും പ്രവാചകന്റെ കാലത്ത് വീണിട്ടില്ല എന്ന ചരിത്രം ഉൾക്കൊള്ളണം. പ്രവാചകനെ യഥാർത്ഥത്തിൽ അപമാനിക്കുന്നത് പ്രവാചകനെതിരെ ഫെയിസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നവരല്ല, പ്രവാചകന്റെ പേരിൽ കൈവെട്ടുന്നവരും കലാപമുണ്ടാക്കുന്നവരുമാണെന്ന് തിരിച്ചറിയണം. എന്നിട്ട് ഈ കലാപകാരികളെ ഒറ്റപ്പെടുത്തണം. അത് മാത്രമാണ് നിങ്ങൾക്ക് മുമ്പിലുള്ള പോംവഴി.

Exit mobile version