Pravasimalayaly

‘ഫോണിന് അടിമപ്പെട്ടു, പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ല’; പ്ലസ് വണ്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി

തിരുവനന്തപുരം: പ്ലസ് വണ്‍ ജീവനൊടുക്കിയത് മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗത്തെ തുടര്‍ന്നെന്ന് പൊലീസ്. നാവായിക്കുളം സ്വദേശി ജീവ മോഹനെയാണ് ശനിയാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. മൊബൈല്‍ ഫോണിന് അടിമപ്പെട്ടെന്നും പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നുമുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.

പഠനത്തില്‍ മിടുക്കിയായിരുന്ന ജീവയ്ക്കു പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചിരുന്നു. എന്നാല്‍ പ്ലസ് വണ്ണില്‍ എത്തിയപ്പോള്‍ പഠനത്തില്‍ പിന്നാക്കം പോയി. അടുത്തിടെ നടന്ന ക്ലാസ് പരീക്ഷയില്‍ ജീവയ്ക്ക് മാര്‍ക്ക് കുറഞ്ഞിരുന്നു. ഇതിന് കാരണം അമിതമായ മൊബൈല്‍ ഉപയോഗമാണെന്ന് തിരിച്ചറിഞ്ഞ് ആത്മഹത്യ ചെയ്യുന്നു എന്ന് ആത്മഹത്യ കുറിപ്പില്‍ പറയുന്നു.

മൂന്നു പേജുള്ള ആത്മഹത്യ കുറിപ്പാണ് കണ്ടെത്തിയത്. ”അമ്മേ, പഠിക്കാന്‍ ഫോണ്‍ വാങ്ങിയിട്ട് അമ്മയെ  പറ്റിക്കുകയായിരുന്നു. പഠിക്കുന്നതിന് പകരം മ്യൂസിക് ബാന്‍ഡുകള്‍ കേള്‍ക്കുകയായിരുന്നു ഞാന്‍. എനിക്ക് പശ്ചാത്താപമുണ്ട്. അമ്മ കയ്യില്‍ നിന്ന് ഫോണ്‍ പിടിച്ചു വാങ്ങുമ്പോള്‍ ദേഷ്യം വരാറുണ്ട്”ജീവ കുറിപ്പില്‍ എഴുതിയിരുന്നു.

പഠനത്തില്‍ ശ്രദ്ധിക്കാന്‍ പറ്റുന്നില്ല. പാട്ടുകള്‍ കേള്‍ക്കാന്‍ മാത്രമേ തോന്നുന്നുള്ളൂ. എനിക്കെന്തായാലും ഇങ്ങനെ സംഭവിച്ചു,  അനിയത്തിക്ക് മൊബൈല്‍ കൊടുക്കരുത്. അവള്‍ക്കിങ്ങനെ സംഭവിക്കരുതെന്നെല്ലാം ആത്മഹത്യ കുറിപ്പില്‍ ജീവ എഴുതിയിരുന്നു.

ജീവയുടെ സമൂഹമാധ്യമങ്ങളുടെ ഉപയോഗം, ഗെയിമുകളിലെ ആസക്തി എന്നിവയും പൊലീസ് പരിശോധിച്ചു വരികയാണ്.

Exit mobile version