Pravasimalayaly

‘വേശ്യയെന്ന് വിളിച്ച് സിഐ സാര്‍ അപമാനിച്ചു, തന്റെ അവസ്ഥയ്ക്ക് കാരണം പോലീസും പ്രതികളും’; തേഞ്ഞിപ്പലത്ത് ജീവനൊടുക്കിയ പോക്സോ കേസ് ഇരയുടെ കുറിപ്പ് പുറത്ത്

കോഴിക്കോട്: മലപ്പുറം തേഞ്ഞിപ്പലത്ത് ജീവനൊടുക്കിയ പോക്സോ കേസ് ഇരയുടെ കുറിപ്പ് പുറത്ത്. കത്തില്‍ പോലീസ് ഉദ്യോഗസ്ഥരെ അതിരൂക്ഷമായി കുറ്റപ്പെടുത്തുന്നു. കേസ് അന്വേഷിച്ച ഫറോക്ക് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, മോശം സ്ത്രീയെന്ന് വിളിച്ച് അപമാനിച്ചു എന്നും പെണ്‍കുട്ടി കുറിപ്പില്‍ പറയുന്നു. പത്തുമാസം മുമ്പ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോള്‍ എഴുതിയ കത്താണ് പുറത്തു വന്നത്. സിഐക്കെതിരെയുള്ള ഓരോ പരാതിയും ആരോപണങ്ങളും കത്തില്‍ വ്യക്തമായി പറയുന്നുണ്ട്.

കുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. പ്രതിശ്രുത വരനോടാണ് പെണ്‍കുട്ടി പീഡന വിവരം ആദ്യം തുറന്ന് പറയുന്നത്.കേസിലെ മൊഴിയെടുക്കാനെന്ന് പറഞ്ഞ് വരനെ സിഐ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. മോശം സ്ത്രീയാണെന്ന് പറയുകയും വിവാഹം കഴിക്കേണ്ടെന്ന് സിഐ ആവശ്യപ്പെടുകയും ചെയ്തു. പ്രതികള്‍ പുറത്തിറങ്ങിയാല്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്നും പെണ്‍കുട്ടി കത്തില്‍ പറയുന്നു.

കേസില്‍ തെളിവെടുപ്പിന് കൊണ്ടുപോയപ്പോള്‍, നാട്ടുകാരോട് പീഡനവിവരം നാട്ടുകാരോടെല്ലാം ഉറക്കെ പറഞ്ഞ് അറിയിച്ചു. അങ്ങനെ തന്നെ അപമാനിച്ചു. ഇതോടെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയായി. തന്റെ അവസ്ഥയ്ക്ക് കാരണം സിഐയും പീഡിപ്പിച്ച പ്രതികളും ആണെന്നും പെണ്‍കുട്ടി കത്തില്‍ പറയുന്നു. പ്രതികള്‍ ഓരോരുത്തരുടെയും പേരും പെണ്‍കുട്ടി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉമ്മയെയും കേസില്‍ പ്രതിയാക്കുമെന്നും സിഐ ഭീഷണിപ്പെടുത്തി.

കേസിന് ശേഷം പല രീതിയില്‍ ഉമ്മയെയും തന്നെയും ആളുകള്‍ വിളിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇനി ജീവിക്കാന്‍ താത്പര്യമില്ലെന്നും പെണ്‍കുട്ടി കത്തില്‍ പറയുന്നു. കൈ ഞരമ്പ് മുറിച്ചാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അന്ന് പെണ്‍കുട്ടിക്ക് കൗണ്‍സിലിങ്ങ് പോലും നടത്തിയില്ലെന്ന് ഇരയുടെ അമ്മ പറയുന്നു.പോക്സോ കേസ് ഇരയായ പെണ്‍കുട്ടി കഴിഞ്ഞദിവസമാണ് വീട്ടില്‍ തൂങ്ങിമരിച്ചത്. പെണ്‍കുട്ടിയുടെ അമ്മ ഇളയ സഹോദരനെ സ്‌കൂളില്‍ കൊണ്ടുപോയി ആക്കാന്‍ പുറത്തേക്ക് പോയ സമയത്താണ് പെണ്‍കുട്ടി ജീവനൊടുക്കിയത്.

Exit mobile version