തിരുവനന്തപുരം: പോലീസ് നിയമ ഭേദഗതി ഓർഡിനൻസ് പിൻവലിക്കാൻ ഇടതുമുന്നണി സർക്കാർ നിർബന്ധിതമാവുമ്പോൾ ഭരണത്തെ നിരീക്ഷിക്കേണ്ട സി.പി.എമ്മിന്റെ നോട്ടപ്പിശകാണ് കാരണമെന്ന വിമർശനം ശക്തമാവുന്നു. സർക്കാർ നടപടികളെക്കുറിച്ചുള്ള പാർട്ടിയുടെ രാഷ്ട്രീയ നിരീക്ഷണം പാളിയതിന്റെ ഉദാഹരണമായാണ് പാർട്ടിക്കകത്തുതന്നെയുള്ള വിലയിരുത്തൽ. പാർട്ടി നേതൃത്വവും ഭരണനേതൃത്വവും ഒന്നായിമാറിയതിന്റെ പ്രത്യാഘാതമാണിതെന്നും വിമർശനമുയരുന്നു. ഒട്ടേറെ അധികാരങ്ങൾ മുഖ്യമന്ത്രിയിൽ കേന്ദ്രീകരിക്കാനുള്ള നീക്കവും പോലീസിന് കളക്ടർക്കുള്ള ജുഡീഷ്യൽ അധികാരം നൽകാനുള്ള തീരുമാനവും പിൻവലിക്കേണ്ടിവന്നത് ഓർമിപ്പിച്ചാണ് പുതിയ വിമർശനവും. കളക്ടറേറ്റുകളിൽ വികസനപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പുതിയതായി ഓരോ ഐ.എ.എസുകാരെ നിയോഗിച്ച നീക്കവും സി.പി.എമ്മിന്റെ ഏകപക്ഷീയ നടപടികളായാണ് സി.പി.ഐ. കണ്ടത്. ഇതും വലിയ വിമർശനത്തിനിടയായി. സി.പി.എമ്മിന് ഭരണം കിട്ടിയ ഘട്ടങ്ങളിലെല്ലാം സർക്കാരിനെ നയപരമായ കാര്യങ്ങളിൽ ഉപദേശിക്കാൻ സബ്കമ്മിറ്റിയുണ്ടാകാറുണ്ട്. വെള്ളിയാഴ്ചകൾ തോറും ചേരുന്ന അവെയ്ലബിൽ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിരീക്ഷണവും ഇത്തരം വിഷയങ്ങളിൽ ഉണ്ടാവാറുണ്ട്. ഇതെല്ലാം കഴിഞ്ഞുമാത്രമേ അത്തരം തീരുമാനങ്ങൾ കാബിനറ്റ് യോഗങ്ങളിൽ എത്താറുള്ളൂ. എന്നാൽ, പിണറായി സർക്കാരിന്റെ കാലത്ത് ഇത്തരത്തിൽ കാര്യമായ അവലോകനങ്ങളോ നിരീക്ഷണങ്ങളോ നയപരമായ കാര്യങ്ങളിൽ ഉണ്ടായില്ലെന്നാണ് വിമർശനം. പാർട്ടി സെക്രട്ടറി എന്നനിലയിൽ കോടിയേരി ബാലകൃഷ്ണൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകളോട് ചേർന്നുനിൽക്കാറാണ് പതിവ്. പോലീസ് നയം സംബന്ധിച്ച് ആ രംഗത്തെ ഉപദേഷ്ടാക്കളുടെ ഉപദേശമായിരുന്നു അവസാന വാക്കായത്. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ ഓർഡിനൻസ് സൃഷ്ടിച്ച വിമർശനവും സ്വന്തം പാളയത്തിൽനിന്നുതന്നെയുള്ള പ്രതികരണങ്ങളുമെന്ന് പാർട്ടി തിരിച്ചറിയുന്നു. പെട്ടെന്നുതന്നെ ഇതിൽ പിന്നാക്കം പോകാൻ മുഖ്യമന്ത്രിയും പാർട്ടിയും തീരുമാനിച്ചതും ഇതിന്റെ അടിസ്ഥാനത്തിലാണ്. നേരത്തേ വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിൽ അന്ന് വി.എസും. മന്ത്രിമാരായിരുന്ന കോടിയേരിയും പി.കെ. ഗുരുദാസനും ഉൾപ്പെടെയുള്ള അഞ്ചംഗസമിതിയാണ് നയപരമായ കാര്യങ്ങൾ വിലയിരുത്തിയത്. പാർട്ടി സെക്രട്ടറി എന്നനിലയിൽ പിണറായിയുടെ നേതൃത്വത്തിൽ എ.കെ.ജി. സെന്ററിലും പരിശോധന നടന്നിരുന്നു. ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ പാർട്ടി സെക്രട്ടറി ചടയൻ ഗോവിന്ദന്റെ നേതൃത്വത്തിലും നിരീക്ഷണമുണ്ടായിരുന്നു. ഓർഡിനൻസ് പുറത്തിറങ്ങിയ വേളയിൽ അതിനെ ചാനലുകളിൽ ന്യായീകരിച്ച പാർട്ടി പ്രതിനിധികളുടെ ഇപ്പോഴത്തെ വൈക്ലബ്യം ട്രോളുകളായി നിറയുന്നതും പാർട്ടി അണികളെ അസ്വസ്ഥരാക്കുന്നുണ്ട്. വേഗം പിൻവലിച്ചത് നന്നായെന്ന് ചിദംബരം ന്യൂഡൽഹി: കേരളം പോലീസ് നിയമഭേദഗതി എത്രയും പെട്ടെന്നുതന്നെ പിൻവലിച്ചത് നന്നായെന്ന് കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി. ചിദംബരം. ഇത്തരമൊരു ജനാധിപത്യവിരുദ്ധ നിയമം പുറപ്പെടുവിക്കാൻതന്നെ പാടില്ലായിരുന്നെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. ഗവർണർ ഓർഡിനൻസിന് അംഗീകാരം നൽകിയതിനുപിന്നാലെ നിയമത്തെ അപലപിക്കുന്നതായി ട്വീറ്റ് ചെയ്തിരുന്നു. എങ്ങനെയാണ് നിങ്ങളീ നിഷ്ഠൂരമായ നിയമത്തെ പ്രതിരോധിക്കുകയെന്ന് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയോടും ചോദിച്ചു. നിയമത്തിന്റെ പകർപ്പും ആവശ്യപ്പെട്ടു. ജനാധിപത്യവിരുദ്ധമായ ഈ നിയമം വലിയ പ്രത്യാഘാതമുണ്ടാക്കും. എന്തായാലും 48 മണിക്കൂറിനകം സി.പി.എം. പോളിറ്റ് ബ്യൂറോ അത് നിർത്തിവെക്കാൻ കേരള സർക്കാരിനോടാവശ്യപ്പെട്ടത് നന്നായി -ചിദംബരം പറഞ്ഞു.
പോലീസ് നിയമ ഭേദഗതി: സി പി എമ്മിന്റെ നോട്ടപ്പിശക്, തുറന്നു സമ്മതിച്ചു നേതാക്കൾ.
