Pravasimalayaly

നമ്പര്‍ 18 ഹോട്ടലിലെ പീഡനം: പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് പൊലീസ്

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനും കോഴിക്കോട് സ്വദേശിനി അഞ്ജലി റീമ ദേവിനുമെതിരെ ശക്തമായ തെളിവുണ്ടെന്നു പൊലീസ്. ഇരുവരും കോവിഡിന്റെ മറവില്‍ പൊലീസിനു മുൻപിൽ ഹാജരായിട്ടില്ല. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് എറണാകുളം സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ വി യു കുര്യാക്കോസ് പറഞ്ഞു.

നമ്പര്‍ 18 ഹോട്ടലില്‍വച്ച് ഒക്ടോബറില്‍ ഹോട്ടലുടമ റോയി ജെ വയലാട്ട് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. കോഴിക്കോട് സ്വദേശികളായ സ്ത്രീയും മകളുമാണു പരാതി നല്‍കിയത്. കേസില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും മറ്റാരും പരാതി നല്‍കിയിട്ടില്ലെന്നു ഡിസിപി പറഞ്ഞു. മറ്റു പലരെയും പൊലീസ് നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

ഹോട്ടലില്‍ എത്തിയ തന്നെയും മകളെയും വലിച്ചിഴച്ചു കൊണ്ടുപോയി ലഹരിപദാര്‍ത്ഥം കഴിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുമെന്നുമാണ് പരാതി. ജോലി വാഗ്ദാനം ചെയ്തു തങ്ങളെ കൊച്ചിയിലേക്കു ക്ഷണിച്ച അഞ്ജലി തുടര്‍ന്ന് ബിസിനസ് ഗെറ്റ് ടുഗെദര്‍ എന്ന് പറഞ്ഞ് തന്ത്രപൂര്‍വം നമ്പര്‍ 18 ഹോട്ടലില്‍ എത്തിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. പ്രതികള്‍ തങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും അവിടെനിന്നു തന്ത്രപൂര്‍വം രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

കേസില്‍ പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം നല്ല നിലയിലാണു മുന്നോട്ടുപോകുന്നതെന്നും ഒരു വീഴ്ചയുമുണ്ടായിട്ടില്ലെന്നും ഡിസിപി പറഞ്ഞു. മുന്‍ മിസ് കേരള അന്‍സി കബീറിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന മാതാപിതാക്കളുടെ ആവശ്യത്തോട് എതിര്‍പ്പില്ലെന്നും ഡിസിപി പറഞ്ഞു.

അതേസമയം, അന്‍സി കബീറും മറ്റൊരു മോഡല്‍ അഞ്ജന ഷാനും വാഹനാപകടത്തില്‍ മരിച്ച കേസില്‍ പൊലീസ് ഈയാഴ്ച കുറ്റപത്രം സമര്‍പ്പിക്കും. നമ്പര്‍ 18 ഹോട്ടലുടമ റോയി ജെ വയലാട്ട്, സൈജു തങ്കച്ചന്‍ എന്നിവര്‍ ഉള്‍പ്പെടെ എട്ടുപേരാണ് കേസിലെ പ്രതികള്‍. മനഃപൂര്‍വമല്ലാത്ത നരഹത്യ, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയത്.

നവംബറില്‍ വൈറ്റിലയില്‍വച്ചാണ് അന്‍സിയും അഞ്ജനയും അപകടത്തില്‍ മരിച്ചത്. നമ്പര്‍ 18 ഹോട്ടലില്‍നിന്ന് വരികയായിരുന്ന ഇവരുടെ കാര്‍ ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സംഭവത്തില്‍ കാറിനെ ചിലര്‍ പിന്തുടര്‍ന്നതായും ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതായും ആരോപണമുയര്‍ന്നിരുന്നു.

Also Read: കണ്ണൂരില്‍ ബോംബെറിഞ്ഞ് കൊലപാതകം: നാല് പേര്‍ കസ്റ്റഡിയില്‍

മോഡലുകളുടെ അപകടമരണത്തിന് ഏതാനും ആഴ്ചകള്‍ക്കു മുമ്പാണു പീഡിക്കപ്പെട്ടതെന്നാണു കോഴിക്കോട് സ്വദേശിയുടെ പരാതി. പീഡന ദൃശ്യങ്ങള്‍ മറ്റു പ്രതികള്‍ ചേര്‍ന്ന് മൊബൈലില്‍ പകര്‍ത്തിയെന്നും പൊലീസില്‍ പരാതിപ്പെട്ടാല്‍ ഇതു പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. ഫോര്‍ട്ട് കൊച്ചി പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റോയി വയലാട്ടിന്റെ സുഹൃത്ത് സൈജു തങ്കച്ചനും കേസില്‍ പ്രതിയാണ്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മൂവരും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹര്‍ജി ബുധനാഴ്ച പരിഗണിക്കും.

Exit mobile version