വ്യാജ അശ്ലീല വീഡിയോ കേസിൽ അറസ്റ്റിലായ ക്രൈം നന്ദകുമാറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. വെള്ളിയാഴ്ച വരെയാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. അതേസമയം തന്റെ കേസിനെ കുറിച്ചല്ല മറിച്ച് സ്വപ്ന സുരേഷിനെ കുറിച്ചാണ് പൊലീസ് ചോദിക്കുന്നതെന്ന് നന്ദകുമാർ പ്രതികരിച്ചു.
ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ അശ്ലീല വീഡിയോ നിർമ്മിക്കാൻ കൂട്ട് നിൽക്കാൻ തന്നെ നിർബന്ധിച്ചെന്ന് ജീവനക്കാരി നൽകിയ പരാതിയിലാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. ഇത്തരം വീഡിയോ നിർമ്മിക്കാൻ കൂട്ടുനിൽക്കാത്തതിനാൽ ഈ യുവതിയെ മാനസികമായി പീഡിപ്പിക്കുകയും ഒടുവിൽ കാക്കനാട് സ്വദേശിയായ ഇവർ സ്ഥാപനം വിട്ടിറങ്ങിയെന്നുമാണ് പരാതി. നന്ദകുമാറിന്റെ ഉടമസ്ഥതയിലുള്ള ക്രൈം ഓൺലൈൻ എന്ന സ്ഥാപനത്തിലെ മുൻ ജീവനക്കാരിയാണ് പരാതി നൽകിയത്.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കലൂർ ഫ്രീഡം റോഡിലെ ഓഫീസിൽ വെച്ചായിരുന്നു സംഭവം. സ്ത്രീത്വത്തെ അപമാനിച്ചതിലും, പട്ടികവർഗ അതിക്രമം തടയൽ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് പൊലീസ് നന്ദകുമാറിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം, മന്ത്രി വീണാ ജോർജിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ക്രൈം നന്ദകുമാർ എന്നറിയപ്പെടുന്ന ടി.പി. നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷമാണ് കാക്കനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തത്.