തിരുവനന്തപുരം: കരമന കിള്ളിപ്പാലത്തെ ലോഡ്ജില്‍ വച്ച് പോലീസിന് നേരെ ബോംബേറ് നടത്തിയ കേസിലെ പ്രതികള്‍ക്ക് ഒളിസങ്കേതം ഒരുക്കി കൊടുത്ത യുവാവിനെ കരമന പോലീസ് കസ്റ്റഡിയിലെടുത്തു. കാരയ്ക്കാമണ്ഡപം സ്വദേശി ആകാശിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും . കിള്ളിപ്പാലത്തെ കിള്ളി ടവേഴ്‌സ് എന്ന ലോഡ്ജില്‍ ലഹരിമരുന്ന് വില്‍പ്പന നടക്കുന്നതായി വിവരം ലഭിച്ചെത്തിയ നാര്‍കോട്ടിക് സെല്ലിലെ പോലീസുകാര്‍ക്ക് നേരെ നാടന്‍ ബോംബെറിഞ്ഞ ശേഷം രക്ഷപ്പെട്ട ആനയറ സ്വദേശിയായ പ്രതിക്കും ബാലരാമപുരം സ്വദേശിയായ പ്രതിക്കുമാണ് ആകാശ് ഒളിവില്‍ കഴിയാന്‍ സഹായം ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ ഒളിവില്‍ കഴിയാന്‍ സഹായം ചെയ്ത രണ്ട് പ്രതികളെയും ഉടന്‍ പിടികുടുമെന്ന് പോലീസ് പറഞ്ഞു. ഇവരോടൊപ്പം ലോഡ്ജിലുണ്ടായിരുന്ന നെടുംകാട് സ്വദേശിയായ രജീഷിനെയും നേമം സ്വദേശിയായ പതിനേഴുകാരനെയും പോലീസ് പിടികുടിയിരുന്നു. ലോഡ്ജില്‍ നിന്നും അഞ്ച് കിലോ കഞ്ചാവും മയക്കുമരുന്നും നാല് തോക്കുകളും അഞ്ച് മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
നഗരത്തിലും വിവിധ പ്രദേശങ്ങളിലും ലഹരി വ്യാപാരം നടത്തുന്ന വലിയ ശൃംഖലയിലെ കണ്ണികളാണ് പിടിയിലായവരെന്ന് പോലീസ് വ്യക്തമാക്കി. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ എസ്.ഷാജി, നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഷീന്‍ തറയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.