Pravasimalayaly

കെ റെയില്‍ കല്ലിടല്‍; പ്രതിഷേധക്കാരെ ചവിട്ടി വീഴ്ത്തി പോലീസ്

തിരുവനന്തപുരം: ഒരു ഇടവേളക്ക് ശേഷം സംസ്ഥാനത്ത് സില്‍വര്‍ലൈന്‍ സര്‍വെ വീണ്ടും ആരംഭിച്ചു. കഴക്കൂട്ടം മുരുക്കുംപുഴയ്ക്കടുത്ത് കരിച്ചാറയിലാണ് സര്‍വേക്കായി കെ റെയില്‍ അധികൃതരും റവന്യൂ അധികൃതരും എത്തിയത്. കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
കല്ലിടല്‍ തടഞ്ഞ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. ഇതിനിടെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബോധരഹിതനായി വീഴുകയും ചെയ്തു. പോലീസിന്റെ ബലപ്രയോഗത്തിലാണ് ഇയാള്‍ ബോധരഹിനായി നിലത്ത് വീണതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.


ഇതിനിടെ, കാരിച്ചാറയില്‍ പ്രതിഷേധക്കാരെ പൊലീസ് ബൂട്ടിട്ട് ചവിട്ടിയ ദൃശ്യങ്ങളും പുറത്തുവന്നു. മംഗലപുരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ആക്രമണത്തിന് പിന്നിലെന്ന് സമരക്കാര്‍ പറയുന്നു. പ്രതിഷേധം കനത്തതോടെ സര്‍വേയുമായി മുന്നോട്ട് പോകാനാകില്ലെന്ന് ഉറപ്പായതോടെ, ഉദ്യോഗസ്ഥര്‍ സ്ഥലത്ത് നിന്ന് മടങ്ങി.
വലിയ പ്രതിഷേധമാണ് പൊലീസ് സമരക്കാരെ കയ്യേറ്റം ചെയ്തതിനെത്തുടര്‍ന്ന് ഉണ്ടായത്. എന്നാല്‍ തങ്ങളാരെയും മനപ്പൂര്‍വ്വം ആക്രമിച്ചിട്ടില്ലെന്നും, ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും മംഗലപുരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.
എന്തായാലും പ്രതിഷേധം കനത്തതിനെത്തുടര്‍ന്ന്, സര്‍വേ തല്‍ക്കാലം അവസാനിപ്പിച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയ്ക്ക് ഇപ്പോഴയവുണ്ട്. നോട്ടീസ് നല്‍കാതെയാണ് ഉദ്യോഗസ്ഥരും പൊലീസും എത്തിയതെന്നും അപ്രതീക്ഷിതമായി എത്തിയതോടെയാണ് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തതെന്ന് നാട്ടുകാരും ആരോപിക്കുന്നു.


രാവിലെ പത്ത് മണിയോടെയാണ് കനത്ത പൊലീസ് കാവലില്‍ ഉദ്യോഗസ്ഥര്‍ കരിച്ചാറയില്‍ കല്ലിടല്‍ നടപടികള്‍ക്കായി എത്തിയത്. ഉദ്യോഗസ്ഥര്‍ക്ക് കല്ലിടല്‍ നടപടികളിലേക്ക് കടക്കാനായിട്ടില്ല. അതിന് മുമ്പ് തന്നെ പ്രതിഷേധക്കാര്‍ എത്തിയിരുന്നു. എന്നാല്‍ സര്‍വേ അവസാനിപ്പിച്ച് പോകാന്‍ ഉദ്യോഗസ്ഥര്‍ ആദ്യം തയ്യാറായിരുന്നില്ല. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടര്‍ന്നതിനെത്തുടര്‍ന്ന് കൂടുതല്‍ പൊലീസുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
തിരുവനന്തപുരം നഗരത്തില്‍ ഇതേവരെ സില്‍വര്‍ ലൈന്‍ നടപടികള്‍ ഇതുവരെ തുടങ്ങിയിട്ടില്ല. ചിറയിന്‍കീഴ്, വര്‍ക്കല, കണിയാപുരം എന്നീ പ്രദേശങ്ങളിലാണ് തിരുവനന്തപുരത്ത് സര്‍വേ നടപടികളുണ്ടായിരുന്നത്. അവിടെയെല്ലാം പലയിടങ്ങളിലും ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുകയും ചെയ്തു. അതേ ഇടങ്ങളിലാണ് ഇപ്പോഴും സര്‍വേ നടക്കുന്നത്. ഇതിന് മുമ്പ് കരിച്ചാറയില്‍ സര്‍വേ നടക്കുകയും അന്ന് പ്രതിഷേധങ്ങളെത്തുടര്‍ന്ന് കല്ലിടല്‍ നിര്‍ത്തി വയ്‌ക്കേണ്ടി വരികയും ചെയ്തിരുന്നു.


എന്ത് സംഭവിച്ചാലും സില്‍വര്‍ലൈന്‍ സര്‍വേ കല്ലിടാന്‍ അനുവദിക്കില്ല എന്നാണ് പ്രതിഷേധക്കാര്‍ അറിയിക്കുന്നത്. നേരത്തെ ഈ ഭാഗങ്ങളില്‍ കല്ലിടല്‍ നടന്നിരുന്നു. അവ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിഴുതെറിഞ്ഞിരുന്നു.
സംഘര്‍ഷം ശക്തമായതോടെ മുരുക്കുംപുഴയിലെ സില്‍വര്‍ലൈന്‍ സര്‍വേ കല്ലിടല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായാണ് വിവരം. ഡെപ്യൂട്ടി കളക്ടറാണ് കല്ലിടല്‍ നിര്‍ത്തി വെക്കാനുള്ള നിര്‍ദ്ദേശം റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്നത്.

Exit mobile version