Pravasimalayaly

മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമം; പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ പ്രകോപന മുദ്രാവാക്യത്തില്‍ പൊലീസ് കേസെടുത്തു

ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പ്രകോപന മുദ്രാവാക്യം ഉയര്‍ന്ന സംഭവത്തില്‍ പൊലീസ് കേസെടുത്തു. ആലപ്പുഴ സൗത്ത് പൊലീസ് ആണ് കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമമെന്ന് പൊലീസിന്റെ എഫ്‌ഐആര്‍ വ്യക്തമാക്കുന്നു. 

റാലിയില്‍ പങ്കെടുത്ത ഒരാളുടെ തോളത്തിരുന്ന്  ചെറിയ കുട്ടി പ്രകോപനപരമായി മുദ്രാവാക്യം  വിളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സംഭവത്തില്‍ പൊലീസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

വിവിധ മത വിഭാഗങ്ങളെ വെല്ലുവിളിക്കുന്ന മുദ്രാവാക്യമാണ് പത്തുവയസ്സു പോലും തോന്നിക്കാത്ത കുട്ടി വിളിച്ചത്. മനപ്പൂര്‍വം പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഈ സംഭവമെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുന്നത്. 

കേന്ദ്ര ഏജന്‍സികളും സംഭവത്തില്‍ റിപ്പോര്‍ട്ടുകള്‍ തേടിയെന്നാണ് വിവരം. കുട്ടി റാലിയില്‍ പങ്കെടുത്തിരുന്നു എന്നും വിളിച്ചത് സംഘാടകര്‍ നല്‍കിയ മുദ്രാവാക്യമല്ലെന്നും പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികള്‍ സൂചിപ്പിച്ചു. 

ആലപ്പുഴ കല്ലുപാലത്ത് നിന്ന് ബീച്ചിലേക്ക് നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെയായിരുന്നു കൊച്ചു കുട്ടിയുടെ പ്രകോപനപരമായ മുദ്രവാക്യം ഉയര്‍ന്നത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ജനമഹാ സമ്മേളനം നടന്നത്. 

Exit mobile version