Saturday, November 23, 2024
HomeMoviesMovie Newsചുരുളിയില്‍ അശ്ലീലമില്ല; സംഭാഷണങ്ങള്‍ കഥാപാത്രങ്ങള്‍ക്കു ചേര്‍ന്നത്: പൊലീസ് സമിതി

ചുരുളിയില്‍ അശ്ലീലമില്ല; സംഭാഷണങ്ങള്‍ കഥാപാത്രങ്ങള്‍ക്കു ചേര്‍ന്നത്: പൊലീസ് സമിതി

തിരുവനന്തപുരം: ഒടിടി പ്ലാറ്റ്‌ഫോമില്‍ സ്ട്രീം ചെയ്യുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ചുരുളി’യില്‍ അശ്ലീലമില്ലെന്ന് പൊലീസ്. ഹൈക്കോടതി നിര്‍ദേശപ്രകാരം ചിത്രം കണ്ട പൊലീസ് സംഘം ഇത്തരമൊരു നിഗമനത്തില്‍ എത്തിയതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ചിത്രത്തിലെ സംഭാഷണങ്ങള്‍ കഥയോടും കഥാപാത്രങ്ങളോടും ചേര്‍ത്തുവച്ചു വേണം കാണാനെന്നാണ് പൊലീസ് സമിതിയുടെ വിലയിരുത്തല്‍. 

ചുരുളിയില്‍ നിയമ ലംഘനമുണ്ടോയെന്നു പരിശോധിക്കാന്‍ എഡിജിപി കെ പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതിയെ പൊലീസ് മേധാവി ചുമതലപ്പെടുത്തിയിരുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരമായിരുന്നു നടപടി. തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി ദിവ്യ ഗോപിനാഥ്, സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍ എ നാസിം എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. 

ചിത്രത്തിലെ സംഭാഷണങ്ങളെ കഥയുമായി ചേര്‍ത്തുവച്ചു വേണം കാണാനെന്ന് സമിതി അഭിപ്രായപ്പെട്ടു. കഥ ആവശ്യപ്പെടുന്ന ഭാഷയാണ് സംഭാഷണങ്ങളിലുണ്ടാവുക. എങ്കിലും നിയമവശങ്ങളില്‍ കുറച്ചുകൂടി വ്യക്തത വേണ്ടതുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. 

സിനിമ സ്ട്രീം ചെയ്യുന്നതില്‍ ക്രിമിനല്‍ കുറ്റമോ നിലവിലുള്ള ഏതെങ്കിലും നിയമത്തിന്റെ ലംഘനമോ ഉണ്ടോയെന്നു പരിശോധിക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ചുരുളിയിലെ സംഭാഷണങ്ങള്‍ അസഭ്യമാണെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ഇങ്ങനെയൊക്കെ പരാതി ഉയര്‍ന്നാല്‍ ഒരാള്‍ക്കും സിനിമയ്ക്കു തിരക്കഥ എഴുതാനാവില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. വാസവദത്ത എഴുതിയതിന്റെ പേരില്‍ രചയിതാവിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യം ഉയരാം. പ്രസിദ്ധരായ പല എഴുത്തുകാര്‍ക്കും കവികള്‍ക്കും എതിരെ സമാനമായ പരാതി ഉന്നയിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments