വിദ്വേഷ പ്രസംഗക്കേസിൽ പിസി ജോർജിന് ജാമ്യം നൽകിയതിനെതിരെ സർക്കാർ നാളെ അപ്പീൽ നൽകും. ജാമ്യം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോടതിയെ സമീപിക്കും. വിഷയത്തിൽ പൊലീസ് നിയമോപദേശം തേടി. വർഗീയ പരമാർശം നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായ മുൻ എംഎൽഎയ്ക്ക് മജിസ്ട്രേറ്റ് കോടതിയായിരുന്നു ജാമ്യം അനുവദിച്ചത്.
മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ ജില്ല സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കണോ അതോ പി.സി ജോര്‍ജ് ജാമ്യവ്യവസ്ഥ ലംഘിച്ച കാര്യം മജിസ്‌ട്രേറ്റ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തണോ എന്ന കാര്യത്തിലാണ് നിയമോപദേശം തേടിയത്. ജാമ്യം ലഭിച്ച ജോര്‍ജ് മജിസ്‌ട്രേറ്റിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ വച്ച് വിദ്വേഷ പരാമര്‍ശങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചിരുന്നു.
ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും പി.സി ജോര്‍ജിന് മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം ലഭിച്ചത് പൊലീസിന് തിരിച്ചടിയായിരുന്നു. വിശദമായ വിവരങ്ങള്‍ മേല്‍ക്കോടതിയെ അറിയിച്ച് ജാമ്യം റദ്ദാക്കുനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.