കൊച്ചി; പീഡനക്കേസ് പ്രതി വിജയ് ബാബുവിനെ കണ്ടെത്താൻ ഇന്റർപോളിന്റെ സഹായം തേടാനൊരുങ്ങി അന്വേഷണസംഘം. ദുബായിൽ ഒളിവിൽ കഴിയുകയാണ്. ഇൻർപോളിനെക്കൊണ്ട് ബ്ലൂകോർണർ നോട്ടീസ് പുറത്തിറക്കി ഇയാളുടെ ഒളിസങ്കേതം കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനായി ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ചു.
ബ്ലൂകോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിന് മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുള്ള അന്തിമ നടപടികൾ പൂർത്തിയാക്കിയതായി കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണർ വി.യു. കുര്യാക്കോസ് പറഞ്ഞു. ബ്ലൂകോർണർ നോട്ടീസ് പുറത്തിറക്കിയാൽ ഏത് വിദേശരാജ്യത്ത് എവിടെയാണെന്ന് കണ്ടെത്താൻ അവിടത്തെ പോലീസിന് കഴിയും. കേസിന്റെ തീവ്രതയനുസരിച്ച് വേണമെങ്കിൽ വിദേശത്തുവെച്ച് അവിടത്തെ പോലീസിന് അറസ്റ്റ് ചെയ്യാനും കഴിയും.
പീഡന പരാതി ലഭിച്ചതിനു പിന്നാലെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നു കളഞ്ഞത്. ഇയാളെ കണ്ടെത്താൻ ഇതുവരെ പൊലീസിനായിട്ടില്ല. തിങ്കളാഴ്ച കീഴടങ്ങണമെന്ന് ആവശ്യപ്പെട്ട് വിജയ് ബാബുവിന് പോലീസ് ഇ-മെയിൽ അയച്ചിരുന്നു. എന്നാൽ 19-ന് ഹാജരാകാമെന്നാണ് വിജയ് ബാബു അറിയിച്ചത്. ഇത് അന്വേഷണസംഘം തള്ളി. അതിനു പിന്നാലെയാണ് ഇന്റർപോളിന്റെ സഹായം തേടാനൊരുങ്ങുന്നത്.
അതിനിടെ വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വിശദമായ അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ചിന്റെ കീഴിലുള്ള സാമ്പത്തിക കുറ്റങ്ങൾ അന്വേഷിക്കുന്ന സംഘമാണ് ഇതേക്കുറിച്ച് അന്വേഷിക്കുന്നതെന്നാണ് വിവരം. കണക്കിൽപ്പെടാത്ത പണം സിനിമാനിർമാണ മേഖലയിൽ മുടക്കിയതായാണ് വിവരം.
സിനിമയിൽ കൂടുതൽ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പിഡിപ്പിച്ചു എന്നാണ് വിജയ് ബാബുവിന് എതിരായ പരാതി. അതിനു പിന്നാലെ വിജയ് ബാബു ഫേയ്സ്ബുക്ക് ലൈവിൽ എത്തി പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയിരുന്നു. ഇതിനു വിജയ് ബാബുവിന് എതിരെ കേസെടുത്തിട്ടുണ്ട്. നടിയെ കൂടാതെ മറ്റൊരു യുവതിയും വിജയ് ബാബുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഇവരെ കണ്ടുപിടിക്കാൻ പൊലീസ് ശ്രമിച്ചിരുന്നെങ്കിലും കണ്ടെത്താനായില്ല.