നടിയെ പീഡിപ്പിച്ചക്കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിന്റെ സ്വത്ത് കണ്ടുകെട്ടാന്‍ പൊലീസ് നീക്കം. മെയ് 24 നുള്ളില്‍ കീഴടങ്ങാന്‍ തയ്യാറായില്ലെങ്കില്‍ വിജയ് ബാബുവിന്റെ നാട്ടിലുള്ള സ്വത്ത് വകകള്‍ കണ്ടു കെട്ടാന്‍ പൊലീസ് നിയമോപദേശം തേടി.വിജയ് ബാബുവിനെ കണ്ടെത്താന്‍ പൊലീസ് അര്‍മേനിയയിലെ എംബസിയുടെ സഹായം തേടിയിട്ടുണ്ട്. ജോര്‍ജിയയില്‍ ഇന്ത്യയ്ക്ക് എംബസിയില്ലാത്ത സാഹചര്യത്തിലാണ് അയല്‍ രാജ്യമായ അര്‍മേനിയയുടെ ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയത്.
പാസ്പോര്‍ട്ട് റദ്ദാക്കി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതോടെ വിജയ് ബാബുവിന് കീഴടങ്ങേണ്ടി വരുമെന്ന് പൊലീസ് പറഞ്ഞു.
മെയ് 19ന് പാസ്‌പോര്‍ട്ട് ഓഫീസ് മുമ്പാകെ ഹാജരാകാമെന്ന് വിജയ് ബാബു അറിയിച്ചിരുന്നു. താന്‍ ബിസിനസ് ടൂറിലാണെന്നും മെയ് 24ന് മാത്രമേ എത്തുകയുള്ളു എന്ന് വിജയ് ബാബു പാസ്‌പോര്‍ട്ട് ഓഫീസറെ അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നതായുള്ള വിവരം ലഭിച്ചത്.
കോടതി നടപടികള്‍ നീളുന്ന സാഹചര്യത്തിലാണ് വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നതെന്നാണ് സൂചന. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാന്‍ ധാരണയില്ലാത്ത രാജ്യമാണ് ജോര്‍ജിയ. ഇതിനാലാണ് പൊലീസ് വിജയ് ബാബുവിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നത്.