ദിലീപിനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും

0
295

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് എട്ടാം പ്രതിയായ നടന്‍ ദിലീപിനെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ പത്തിന് ആലുവ പൊലീസ് ക്ലബില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ ദിലീപിനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നതിനാല്‍ തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്ത് വിട്ടയക്കുക എന്നതാകും നടപടി. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കല്‍ എത്തിയോ, മുഖ്യപ്രതിയുമായുളള ദിലീപിന്റെ അടുപ്പം സംബന്ധിച്ച് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അടക്കമുളളവര്‍ നല്‍കിയിരിക്കുന്ന മൊഴി, കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും നടത്തിയ ശ്രമങ്ങള്‍ എന്നിവയെല്ലാമാണ് ദിലീപില്‍ നിന്ന് ചോദിച്ചറിയുക.
ദിലീപിന്റെ ഫോണില്‍ നിന്ന് നശിപ്പിച്ച വിവരങ്ങളില്‍ വിചാരണ കോടതി രേഖകളുമുണ്ടെന്ന് ഹാക്കറുടെ മൊഴി പുറത്ത് വന്നിരുന്നു. ഒരിക്കലും പുറത്ത്‌പോകാന്‍ പാടില്ലാത്ത കോടതി രേഖകളാണ് ഇതെന്ന് അഭിഭാഷകന്‍ പറഞ്ഞെന്നാണ് ഹാക്കര്‍ സായ് ശങ്കറിന്റെ മൊഴി. കോടതി രേഖകളില്‍ ചിലത് സായ് ശങ്കറിന്റെ വീട്ടില്‍ നിന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. ദിലീപിന്റെ ഫോണില്‍ വിചാരണ കോടതി രേഖ അയച്ചതാരെന്നതില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി.


അഭിഭാഷകരുടെ സാന്നിധ്യത്തില്‍ ദിലീപിന്റെ രണ്ട് ഫോണ്‍ താന്‍ കോപ്പി ചെയ്ത് നല്‍കിയെന്നാണ് സായ് നേരത്തെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചത്. ഇതില്‍ ഒരു ഫോണിലായിരുന്നു കോടതി രേഖകള്‍. മറ്റൊരു വാട്‌സ് ആപ് നമ്പറില്‍ നിന്നാണ് ഈ രേഖകള്‍ അയച്ചിട്ടുള്ളത്. ഇത് ഒരിക്കലും പുറത്ത് വരാന്‍ പാടില്ലാത്ത കോടതി രേഖകളാണെന്ന് അഭിഭാഷകന്‍ പറഞ്ഞെന്ന് സായ് വ്യക്തമാക്കിയിട്ടുണ്ട്. ദിലീപ് ഈ ഘട്ടത്തില്‍ അടുത്തുണ്ടായിരുന്നു. ഫോണിലെ വിവരങ്ങള്‍ നീക്കുന്നതിനിടെ ദിലീപ് അറിയാതെ ഫോണ്‍ രേഖകള്‍ താന്‍ സ്വന്തം നിലയില്‍ കോപ്പി ചെയ്ത വെച്ചെന്നും ഹാക്കര്‍ മൊഴിനല്‍കിയിട്ടുണ്ട്. ഇത് എന്തിനാണെന്ന ചോദ്യത്തിന് ഹാക്കര്‍ ഉത്തരം നല്‍കിയിട്ടില്ല.


സായ് ശങ്കറിന്റെ ലാപ്‌ടോപ്പ് പരിശോധന നടത്തിയപ്പോള്‍ കോടതി രേഖകളില്‍ ചിലത് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സാക്ഷിമൊഴികളടക്കമുള്ള രേഖകളാണിത്. ഹാക്കറുടെ കൈവശം ദിലീപിന്റെ ഫോണിലെ കൂടുതല്‍ കോടതി രേഖകളുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.. എന്നാല്‍ ഇയാള്‍ ഒളിവിലായതിനാല്‍ ഇവ കണ്ടെത്താനായിട്ടില്ല. കോടതിയില്‍ നിന്ന് അഭിഭാഷകര്‍ക്ക് പകര്‍പ്പ് എടുക്കാന്‍ കഴിയാത്ത രേഖകളും ദിലീപിന്റെ ഫോണില്‍ എത്തിയെന്നാണ് അനുമാനിക്കുന്നത്. ഇത് ആര് അയച്ചു നല്‍കി എന്നതില്‍ വിശദമായ അന്വേഷണം വേണ്ടിവരും. ക്രൈം ബ്രാഞ്ച് ഹാജരാക്കാന്‍ ആവശ്യപ്പെട്ട ഒരു ഫോണ്‍ കൈമാറാന്‍ ദിലീപ് തയ്യാറായിരുന്നില്ല. ഈ ഫോണിലേക്കാണോ കോടതി രേഖകള്‍ എത്തിയതെന്നും അന്വേഷിക്കുന്നുണ്ട്.

Leave a Reply