Pravasimalayaly

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. ആലുവ പൊലീസ് ക്ലബിലാണ് ദിലീപ് ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായത്. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. തുടരന്വേഷണം ആരംഭിച്ച് രണ്ടര മാസങ്ങൾക്ക് ശേഷമാണ് ചോദ്യം ചെയ്യുന്നത്.

പ്രതികളുടെയും സാക്ഷികളുടെയും മൊഴികളും മറ്റ് തെളിവുകളും സ്വീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് നോട്ടിസ് അയച്ചെങ്കിലും ദിലീപ് അസൗകര്യം അറിയിച്ചിരുന്നു. തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ നീട്ടിയത്.

ദിലീപിന്റെ ഫോണില്‍ നിന്ന് നീക്കം ചെയ്ത ചില വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അടക്കമുള്ള രേഖകള്‍ ലഭിച്ചതായി ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വീണ്ടെടുക്കാന്‍ കഴിയാത്ത വിധം രേഖകള്‍ നശിപ്പിക്കാന്‍ ദിലീപ് ആവശ്യപ്പെട്ടെന്ന് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ട്. സായ് ശങ്കറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നേരത്തെ തീര്‍പ്പാക്കിയിരുന്നു.

ഫോണില്‍ നിന്ന് വീണ്ടെടുക്കാനുള്ള ചില നിര്‍ണായക രേഖകള്‍ നഷ്ടമായെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. നിലവില്‍ ഈ രേഖകളില്‍ ചിലത് ലഭിച്ചതെന്നാണ് സൂചന. ദിലീപിന്റെയടക്കം ഫോണുകള്‍ ക്രൈംബ്രാഞ്ച് പരിശോധനയ്ക്ക് ആവശ്യപ്പെട്ടിരുന്നെങ്കിലും ഫോണുകള്‍ മുംബൈയിലെ ലാബിലേക്ക് മാറ്റിയെന്നായിരുന്നു പ്രതികളുടെ വാദം. നശിപ്പിക്കപ്പെട്ടു എന്നു കരുതിയിരുന്ന ഫോണുകളിൽ നിന്നാണ് വിദഗ്ധരുടെ സഹായത്തോടെ നിര്‍ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചത്. ഇവയെ അടിസ്ഥാനമാക്കിയാണ് ഇന്ന് ദിലീപിനെ ചോദ്യം ചെയ്യുന്നത്. മുംബൈയ്ക്ക് അയച്ച നാല് ഫോണുകളിലെയും വിവരങ്ങള്‍ നീക്കം ചെയ്‌തെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലാബിലെ ജീവനക്കാരെയും ഡയറക്ടറേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.

Exit mobile version