പീഡനക്കേസില്‍ അറസ്റ്റിലായ മുന്‍ എം.എല്‍.എയും ജനപക്ഷം നേതാവുമായ പി.സി. ജോര്‍ജിന്റെ ഭാര്യ ഉഷാ ജോര്‍ജിനെതിരെ പൊലീസില്‍ പരാതി. പി.സി. ജോര്‍ജിന്റെ അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലണം, എന്ന പരാമര്‍ശം നടത്തിയതിലാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.
കാസര്‍ഗോഡ് സ്വദേശിയായ ഹൈദര്‍ മധൂര്‍ ആണ് ഉഷാ ജോര്‍ജിനെതിരെ വിദ്യാ നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. പി.സി. ജോര്‍ജിന്റെ അറസ്റ്റിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലായിരുന്നു മുഖ്യമന്ത്രിക്കെതിരായ ഉഷാ ജോര്‍ജിന്റെ പരാമര്‍ശം.
മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലണം എന്ന തരത്തിലായിരുന്നു ഉഷാ ജോര്‍ജ് പ്രതികരിച്ചത്. ഇത്രയും നാള്‍ ഒരു ചാനലിലും ഞാന്‍ വന്നിട്ടില്ല, എനിക്കത് ഇഷ്ടമല്ല. എനിക്ക് പുള്ളിയുടെ പിറകില്‍ നില്‍ക്കുന്നതാണ് ഇഷ്ടം. മുന്നില്‍ നില്‍ക്കുന്ന ഒരാളല്ല ഞാന്‍. പുള്ളിയുടെ കാര്യങ്ങളും വീട്ടിലെ കാര്യങ്ങളും നോക്കി അടങ്ങിയൊതുങ്ങി മുന്നോട്ട് പോകുന്ന ഒരാളാണ് ഞാന്‍.
ശരിക്ക് പറഞ്ഞാല്‍ എനിക്കയാളെ (മുഖ്യമന്ത്രി) വെടിവെച്ച് കൊല്ലണം എന്നാണ്. നിങ്ങളിത് ചാനലിലൂടെ വിട്ടാലും എനിക്ക് കുഴപ്പമില്ല. ഇതുപോലെ ഒരു കുടുംബത്തെ തകര്‍ക്കുന്ന അയാളെ വെടിവെച്ച് കൊല്ലണം. എന്റെ അപ്പന്റെ റിവോള്‍വര്‍ ഇവിടെ ഇരിക്കുന്നുണ്ട്. ഒരാഴ്ചക്കകം അയാള്‍ അനുഭവിക്കും,” എന്നായിരുന്നു അവരുടെ പ്രതികരണം.