തിരുവനന്തപുരം: ഒടിടി പ്ലാറ്റ്‌ഫോമില്‍ സ്ട്രീം ചെയ്യുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ചുരുളി’യില്‍ നിയമ ലംഘനമില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. ഹൈക്കോടതി നിര്‍ദേശപ്രകാരം ചിത്രം കണ്ട പൊലീസ് സമിതി ഇക്കാര്യം വിശദീകരിച്ച് ഡിജിപിക്കു റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിപി ഹൈക്കോടതിയില്‍ പ്രസ്താവന നല്‍കും.
ചിത്രത്തിലെ സംഭാഷണങ്ങള്‍ കഥയോടും കഥാപാത്രങ്ങളോടും ചേര്‍ത്തുവച്ചു വേണം കാണാനെന്നാണ് എഡിജിപി കെ പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ വിലയിരുത്തല്‍.തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി ദിവ്യ ഗോപിനാഥ്, സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍ എ നാസിം എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
ചിത്രത്തിലെ സംഭാഷണങ്ങളെ കഥയുമായി ചേര്‍ത്തുവച്ചു വേണം കാണാനെന്ന് സമിതി അഭിപ്രായപ്പെട്ടു. കഥ ആവശ്യപ്പെടുന്ന ഭാഷയാണ് സംഭാഷണങ്ങളിലുള്ളതെന്നു വ്യക്തമാക്കിയ സമിതി സിനിമയില്‍ നിയമ ലംഘനം ഇല്ലെന്നും നടപടി എടുക്കാനാവില്ലെന്നും അഭിപ്രായപ്പെട്ടു. ചുരുളിയെന്ന സാങ്കല്‍പ്പിക ഗ്രാമത്തിന്റെ കഥയാണ് സിനിമയില്‍. കഥാ സന്ദര്‍ഭത്തിനു യോജിച്ച ഭാഷയാണ് ചിത്രത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. ഇതില്‍ നിയമ ലംഘനം ഉണ്ടെന്നു കാണാനാവില്ല. ഒടിടി പൊതുവിടം അല്ലെന്നും അതുകൊണ്ടുതന്നെ പൊതു സ്ഥലത്ത് അസഭ്യ പ്രയോഗം നടത്തിയെന്നു വിലയിരുത്താനാവില്ലെന്നും സമിതി ചൂണ്ടിക്കാട്ടി.
സിനിമ സ്ട്രീം ചെയ്യുന്നതില്‍ ക്രിമിനല്‍ കുറ്റമോ നിലവിലുള്ള ഏതെങ്കിലും നിയമത്തിന്റെ ലംഘനമോ ഉണ്ടോയെന്നു പരിശോധിക്കാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ചുരുളിയിലെ സംഭാഷണങ്ങള്‍ അസഭ്യമാണെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ഇങ്ങനെയൊക്കെ പരാതി ഉയര്‍ന്നാല്‍ ഒരാള്‍ക്കും സിനിമയ്ക്കു തിരക്കഥ എഴുതാനാവില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. വാസവദത്ത എഴുതിയതിന്റെ പേരില്‍ രചയിതാവിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യം ഉയരാം. പ്രസിദ്ധരായ പല എഴുത്തുകാര്‍ക്കും കവികള്‍ക്കും എതിരെ സമാനമായ പരാതി ഉന്നയിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി.