സവര്‍ക്കര്‍ പരാമര്‍ശം; രാഹുല്‍ഗാന്ധിക്കെതിരെ കേസ് എടുത്തു

0
29

ഭാരത് ജോഡോ യാത്രയില്‍ വിഡി സവര്‍ക്കര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പൊലീസ് കേസ് എടുത്തു. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം പ്രാദേശിക വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ശിവസേന നേതാവ് വന്ദന്ദ ഡോംഗ്രെ നല്‍കിയ പരാതിയിലാണ് താനെ നഗര്‍ പൊലീസ് കേസ് എടുത്തത്.

രാഹുല്‍ഗാന്ധിക്കെതിരെ ഐപിസി 500, 501 വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു. താന്‍ ബ്രിട്ടീഷുകാരന്റെ സേവകനാകാന്‍ യാചിക്കുന്നുവെന്ന വിഡി സവര്‍ക്കറുടെ കത്തും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മഹാത്മഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ പട്ടേല്‍ തുടങ്ങിയ നേതാക്കളെ സവര്‍ക്കര്‍ വഞ്ചിച്ചുവെന്നും രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

‘ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി സ്വാതന്ത്ര്യ സമര സേനാനി സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തി, ഇതേതുടര്‍ന്ന് പ്രാദേശിക പൗരന്മാരുടെ വികാരം വ്രണപ്പെട്ടു,’ ഡോംഗ്രെ പറഞ്ഞു. മഹാരാഷ്ട്രയുടെ മണ്ണില്‍ മഹാന്മാരെ അപകീര്‍ത്തിപ്പെടുത്തുന്നത് ഞങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ശിവസേന പ്രവര്‍ത്തകര്‍ താനെയില്‍ മാര്‍ച്ച് നടത്തി. ഇന്നലെ വൈകീട്ടാണ് രാഹുലിനെതിരെ പൊലീസ് കേസ് എടുത്തത്.

Leave a Reply