Pravasimalayaly

ഗ്രൂപ്പുകളും അഡ്മിന്‍മാരും നിരീക്ഷണത്തില്‍; വിദ്വേഷ പ്രചാരണം നടത്തിയാല്‍ ശക്തമായ നടപടി: മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: പാലക്കാട് ഇരട്ടക്കൊലപതാകങ്ങളുടെ പശ്ചാത്തലത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ്. പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരക്കാര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. 

‘പാലക്കാട് നടന്ന അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സമൂഹത്തില്‍ വിദ്വേഷവും സ്പര്‍ദ്ധയും വളര്‍ത്തി, സാമുദായിക ഐക്യം തകര്‍ക്കുക എന്ന ഉദ്ദേശത്തോടുകൂടി ചില സാമൂഹ്യ വിരുദ്ധര്‍ സമൂഹ മാധ്യമങ്ങള്‍ വഴിയും അല്ലാതെയും പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരും ഗ്രൂപ്പുകളും ഗ്രൂപ്പ് അഡ്മിന്‍മാരും പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതായിരിക്കും’സന്ദേശത്തില്‍ പൊലീസ് വ്യക്തമാക്കി. 

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സംഘര്‍ഷമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രത പാലിക്കാനാണ് പൊലീസ് സേനയ്ക്കു നിര്‍ദേശം നല്‍കിയിട്ടുള്ളത്.

കൂടുതല്‍ പൊലീസ് സംഘത്തെ അടിയന്തരമായി പാലക്കാട്ട് എത്തിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. എറണാകുളം റൂറലില്‍നിന്ന് ഒരു കമ്പനി ആംഡ് പൊലീസ് സേനയെ പാലക്കാട്ട് വിന്യസിക്കും. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പാലക്കാട്ട് ക്യാംപ് ചെയ്ത് സ്ഥിതിഗതികള്‍ നിരീക്ഷിക്കും. എഡിജിപി വിജയ് സാഖറെ പാലക്കാട്ട് എത്തുമെന്നാണ് അറിയുന്നത്.

Exit mobile version