ഗൂഢാലോചനയും കലാപ ശ്രമവും; സ്വപ്നയ്ക്കെതിരെ പൊലീസ് കേസെടുക്കും

0
27

സ്വപ്നയുടെ വെളിപ്പെടുത്തലിൽ ഗൂഢാലോചനയുണ്ടെന്ന കെ.ടി. ജലീലീന്റെ പരാതിയിൽ പൊലീസ് കേസെടുക്കും. ഗൂഢാലോചനയ്ക്കും കലാപ ശ്രമത്തിനുമാണ് സ്വപ്നയ്ക്കെതിരെ കേസെടുക്കുന്നത്. സ്വപ്നയുടെ ആരോപണങ്ങളിൽ ​ഗൂഢാലോചനയുണ്ടെന്നും അത് അന്വേഷിക്കണമെന്നുമായിരുന്നു മുൻമന്ത്രി കെറ്റി ജലീലിന്റെ പരാതി.

സ്വപ്നയ്ക്കെതിരെ 153, 120 ബി വകുപ്പുകൾ ചുമത്തി കേസെടുക്കാനാണ് കന്റോൺമെന്റ് പൊലീസിന്റെ തീരുമാനം. മുഖ്യമന്ത്രിയും ഡി.ജി.പിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നീക്കം. സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി സംസ്ഥാന മുഖ്യമന്ത്രിയെയും തന്നെയും അപകീര്‍ത്തിപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങള്‍ക്കെതിരെയാണ് പൊലീസിനു പരാതി നല്‍കിയതെന്ന് കെ.ടി. ജലീല്‍ പറഞ്ഞു. സര്‍ക്കാരിന്റെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്.

മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളോടും സര്‍ക്കാര്‍ വൃത്തങ്ങളോടും ആലോചിച്ച ശേഷമാണ് പരാതി നല്‍കിയത്. പി.സി.ജോര്‍ജിന്റെ പങ്കുള്‍പ്പെടെ അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കെ.ടി.ജലീല്‍ പരാതി നല്‍കുന്നതിന് മുന്‍പ് മുഖ്യമന്ത്രി ഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് പരാതിയുമായി മുന്നോട്ട് പോകാന്‍ എല്‍ഡിഎഫ് തീരുമാനിച്ചത്.

സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായും തനിക്കെതിരായും നടത്തിയ കള്ള ആരോപണങ്ങള്‍ക്കെതിരായാണ് പരാതി നല്‍കിയതെന്ന് കെ.ടി.ജലീല്‍ പറഞ്ഞു. നുണപ്രചരണം നടത്തി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ യുഡിഎഫും ബിജെപിയും ഒരു പോലെ ശ്രമിക്കുകയാണ്. ഇതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ പുതിയതല്ല. ഇതിന് മുന്‍പും സമാനമായിട്ടുള്ള അടിസ്ഥാന രഹിതമായ വെളിപ്പെടുത്തല്‍ അവര്‍ നടത്തിയിട്ടുണ്ട്.

മൂന്ന് അന്വേഷണ ഏജന്‍സികളാണ് അവരെ ചോദ്യം ചെയ്തത്. കൂടാതെ നേരത്തെയും 164 മൊഴി അവര്‍ നല്‍കിയിരുന്നു. അന്നൊന്നും പറയാത്ത കാര്യങ്ങള്‍ എന്തുകൊണ്ട് ഇപ്പോള്‍ പറഞ്ഞു. അന്ന് പറഞ്ഞ കാര്യങ്ങള്‍ തന്നെ ഇപ്പോള്‍ മസാല തേച്ച് അവതരിപ്പിക്കുകയാണ്. അതില്‍ ഞങ്ങള്‍ക്കൊരു ഭയവുമില്ല. മൂന്ന് ഏജന്‍സികള്‍ തിരിച്ചു മറിച്ചും അന്വേഷിച്ചിട്ടും ഒരു ചുക്കും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഏത് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചാലും ഇപ്പോള്‍ സംഭവിച്ചതില്‍ നിന്ന് ഒരിഞ്ചു പോലും മുന്നോട്ട് പോകാന്‍ കഴിയില്ല. അത്ര വലിയ ആത്മവിശ്വാസത്തില്‍ ഞങ്ങള്‍ക്ക് കാര്യങ്ങള്‍ പറയാന്‍ കഴിയും.

ഇങ്ങനെ തോന്നുന്ന കാര്യങ്ങള്‍ പല ആളുകളുടേയും പ്രേരണയുടെ അടിസ്ഥാനത്തില്‍ ജനങ്ങളോട് പറഞ്ഞ് മാന്യമ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ നടത്തുന്ന അപവാദ പ്രചാരണങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടികളും കൂട്ട് നില്‍ക്കരുത്. ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഗൂഢാലോചനയ്ക്ക് യുഡിഎഫ് എന്തുകൊണ്ടാണ് ഇന്ധനം പകരുന്നതെന്ന് അറിയില്ല. ഈ ആരോപണങ്ങളൊക്കെ കേട്ട് പ്രക്ഷോഭത്തിനിറങ്ങുന്നവര്‍ക്ക് ദുഃഖിക്കേണ്ടി വരും. അവര്‍ക്കിതില്‍ നിന്നൊന്നും ഒരു തരിമ്പ് ശരിയുണ്ടെന്ന് നാളെ മാറ്റന്നാളോ ഈ ലോകാവസാനം വരയോ കിട്ടില്ലെന്നും ഉറപ്പുണ്ടെന്നും കെ.ടി.ജലീല്‍ പറഞ്ഞു.

Leave a Reply