Pravasimalayaly

അപകടത്തിൽപ്പെട്ട കാറിൽ വടിവാളും കഞ്ചാവും; ഉപേക്ഷിച്ചു കടന്നവരെ സാഹസികമായി പിടികൂടി പൊലീസ്

തൃശ്ശൂർ:ചേർപ്പ് വെങ്ങിണിശേരിയിൽ അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് ഉപേക്ഷിക്കപ്പെട്ട കാറിൽ വടിവാൾ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കാർ ഉപേക്ഷിച്ചു പോയത് കോട്ടയത്തുനിന്നുള്ള ക്വട്ടേഷൻ സംഘം. അഞ്ചംഗ സംഘത്തെ പൊലീസ് സാഹസികമായി പിടികൂടി. അപകടസ്ഥലത്തുനിന്നു കാർ യാത്രക്കാരെ രക്ഷിച്ചു കൊണ്ടുപോയ വാഹനം സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ചൊവ്വൂർ ഭാഗത്തു പൊലീസ് കണ്ടെത്തി. വാഹനം പൊലീസിനെ കണ്ട് പെരുമ്പിള്ളിശേരി റൂട്ടി‍ൽ പാഞ്ഞു; പൊലീസ് പിന്നാലെയും.

സ്റ്റേഷനിൽ വിവരമറിയിച്ചതനുസരിച്ച് മറ്റൊരു പൊലീസ് ജീപ്പ് എതിർദിശയിൽ പാഞ്ഞു. റോഡ് പകുതി പൊളിച്ച് വൺവേ ആക്കിയിരിക്കുന്നതിനാൽ സംഘത്തിന് ഈ പൊലീസ് വാഹനത്തെ മറികടന്നുപോകാൻ കഴിഞ്ഞില്ല. എന്നാൽ കാർ പൊലീസ് ജീപ്പിൽ ഇടിപ്പിച്ചു രക്ഷപെടാൻ ശ്രമിച്ച സംഘത്തിലെ മൂന്നു പേർക്കു പരുക്കേറ്റു. ഇവരെ പിടികൂടി ആശുപത്രിയിലാക്കി. ഓടി രക്ഷപെട്ട 2 പേരെയും തിരുവുള്ളക്കാവിൽനിന്നു പൊലീസ് പിടികൂടി.

ഇവരുടെ കാറിൽനിന്ന് കഞ്ചാവ്, വടിവാൾ, 5 സ്വർണവള, 30,000 രൂപ ഇവ കണ്ടെടുത്തു. കോട്ടയത്തുനിന്നുള്ള ക്വട്ടേഷൻ സംഘമാണെന്നാണു പ്രാഥമിക വിവരം. ഇവരെ ചോദ്യം ചെയ്തു വരുന്നു.സംഭവത്തിന് പാലക്കാട് ഇരട്ടക്കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

തൃശൂ‌ർ വെങ്ങിണിശ്ശേരിയിൽ രാവിലെയാണ് കാ‌ർ ലോറിയിൽ ഇടിച്ചത്. അപകടത്തിൽ കാറിന്റെ മുൻഭാഗം തക‌ർന്നു. അപകടം കണ്ട് നാട്ടുകാ‌ർ കൂടാൻ തുടങ്ങിയതോടെ കാറിലുണ്ടായിരുന്ന നാല് പേരും പുറത്തിറങ്ങി. തൊട്ടുപിന്നാലെ വന്ന കാറിൽ കയറി രക്ഷപ്പെട്ടു. സംശയം തോന്നിയ നാട്ടുകാ‌ർ പൊലീസിൽ വിവരം അറിയിച്ച് നടത്തിയ പരിശോധനയിലാണ് കാറിൽ നിന്ന് വടിവാൾ കണ്ടെത്തിയത്. ഗുണ്ടാസംഘങ്ങൾ ഉപയോഗിക്കുന്ന പോലുള്ള വടിവാളാണിത്.

തുരുമ്പ് കയറിയ നിലയിലുള്ള വടിവാൾ അടുത്തകാലത്തൊന്നും ഉപയോഗിച്ചിട്ടില്ലെന്നാണ് സൂചന. ഫൊറൻസിക് വിദഗ്ധരെത്തി നടത്തിയ പരിശോധനയിൽ വാളിൽ രക്തക്കറയുള്ളതായാണ് പ്രാഥമിക നിഗമനം. വിദഗ്ധ പരിശോധനയ്ക്കായി കാറും വടിവാളും പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കാ‌ർ. 

ഇയാളുമായി ബന്ധപ്പെട്ടപ്പോൾ കാ‌ർ നിലവിൽ മറ്റൊരാളാണ് ഉപയോഗിക്കുന്നതെന്ന് മൊഴി നൽകി. കാ‌ർ ഉടമസ്ഥനെ പൊലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യുന്നതിൽ നിന്ന് രക്ഷപ്പെട്ട സംഘത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്

Exit mobile version