തിരുവനന്തപുരം പോത്തൻകോട് യൂണിഫോമിൽ കൊലപാതകകേസ് പ്രതികളുടെ മദ്യ സൽക്കാരത്തിൽ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. പോത്തൻകോട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായ ജിഹാനെയാണ് സസ്‌പെൻഡ് ചെയ്തത്. പൊലീസ് ഓഫിസർ ജിഹാൻ യൂണിഫോമിലിരുന്ന് മദ്യസേവ നടത്തുന്നതിന്റെ ചിത്രം പുറത്തുവന്നു. കൂടെയിരിക്കുന്നതു കൊലക്കേസ് പ്രതികളും.
അടുത്തിടെ കൊല്ലപ്പെട്ട കുപ്രസിദ്ധ ഗുണ്ട മെൻറൽ ദീപുവിനെ കൊലപ്പെടുത്തിയതുൾപ്പടെ നിരവധി കേസിലെ പ്രതിയായ അയിരൂർപ്പാറ കുട്ടിനാണ് പൊലീസുകാരന് മദ്യസത്കാരമൊരുക്കിയത്. ദീപുവിനെ കൊലപ്പെടുത്തുന്നതിന് മൂന്ന് ദിവസമാണ് മദ്യസത്കാരമെന്നാണ് വിവരം.
യൂണിഫോമിൽ ഗുണ്ടാസംഘത്തിനൊപ്പം മദ്യപിക്കുന്ന പൊലീസുകാരൻ ചിത്രം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ചിത്രം റേഞ്ച് ഐജി നിശാന്തിനിയ്ക്കും ചിലർ കൈമാറി.ഇതിന് പിന്നാലെ പൊലീസുകാരനെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വകുപ്പ് തല അന്വേഷഷണത്തിന് ശേഷമാണ് ജിഹാനെ സ്സ്‌പെൻറ് ചെയ്തത്.
ഇയാൾക്കെതിരെ ലോക്ക് ഡൗൺ സമയത്ത് അനധികൃത വിദേശ മദ്യം തമിഴ്‌നാട്ടിൽ നിന്നു കടത്തിയതിന് ഒത്താശ ചെയ്തതിന്റെ പേരിലും അന്വേഷണം നടക്കുന്നുണ്ട്. പോത്തൻകോട് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥർ മണൽ- ഗുണ്ടാ സംഘങ്ങളുമായി നടത്തുന്ന ഇടപാടുകൾ സംബന്ധിച്ച് സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്.