പശ്ചിമബംഗാളില്‍ ബീര്‍ഭുമിലെ രാംപൂര്‍ഘട്ടിലെ സംഘര്‍ഷത്തില്‍ പത്ത് പേര്‍ മരിച്ചു. എട്ട് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.
അക്രമികള്‍ പുറത്തുനിന്ന് പൂട്ടിയിട്ട ശേഷം പന്ത്രണ്ട് വീടുകള്‍ക്ക് തീയിടുകയായിരുന്നു. വീട്ടിനുള്ളില്‍ കുടുങ്ങിയവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ട വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് സംഘര്‍ഷത്തിന് കാരണമായത്. തിങ്കളാഴ്ചയാണ് തൃണമൂല്‍ പ്രാദേശിക നേതാവായ ബാദു പ്രദാന്‍ ബോംബേറില്‍ കൊല്ലപ്പെട്ടത്. അതിന് പിന്നാലെയാണ് പ്രദേശത്ത് ഏറ്റുമുട്ടല്‍ ഉണ്ടായത്.
സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഗ്യാന്‍വന്ത് സിങ്ങിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. സംഘര്‍ഷം നടന്ന രാംപൂര്‍ഘട്ട് പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജിനെ സസ്‌പെന്റ് ചെയ്തു.
സംഭവം രാഷ്ട്രീയസംഘര്‍ഷമല്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിശദീകരണം. എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തില്‍ വിശ്വാസ്യതയില്ലെന്ന് സിപിഎം വ്യക്തമാക്കി. മമത സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു