കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ വ്യാജ വീഡിയോ അപ്ലോഡ് ചെയ്തതിന് പിടിയിലായയാള്‍ ലീഗുകാരനെന്ന് സിപിഎം. യുഡിഎഫ് സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് കോണ്‍ഗ്രസ് മാപ്പുപറയണമെന്ന് സിപിഎം നേതാവ് എം സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.
കേസില്‍ മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്ന് കൊച്ചി പൊലീസിന്റെ പ്രത്യേക സംഘമാണ് അബ്ദുള്‍ ലത്തീഫിനെ പിടികൂടിയത് എന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. വ്യാജ അക്കൗണ്ടിലൂടെയാണ് അബ്ദുള്‍ ലത്തീഫ് വീഡിയോ അപ് ലോഡ് ചെയ്തതെന്നും പൊലീസ് പറയുന്നു.
അതേസമയം കേസില്‍ പിടിയിലായ പ്രതിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് പറഞ്ഞ് സിപിഎം ആരോപണം മുസ്ലീംലീഗ് നേതൃത്വം തള്ളി. അറസ്റ്റിലായ അബ്ദുള്‍ ലത്തീഫിന് ലീഗിന്റെ പ്രാഥമികാംഗത്വം പോലുമില്ല. രാഷ്ട്രീയ ലക്ഷ്യത്തോടെ ലീഗിനെ പ്രതിയുമായി ബന്ധപ്പെടുത്താനുള്ള ശ്രമം വിലപ്പോവില്ലെന്ന് ലീഗ് നേതാവ് കെ പി എ മജീദ് പറഞ്ഞു.
കേസില്‍ അറസ്റ്റിലായ അഞ്ചുപേരില്‍ മൂന്ന് പേരും സിപിഎമ്മുകാരാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് ദിവസമായ ഇന്ന് വിഷയം കത്തിക്കാനാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ ഒരു ലീഗുകാരും അറിയില്ലെന്നും സതീശന്‍ പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയുടെ പേരില്‍ വ്യാജ പ്രചാരണം നടത്തിയത് ആരാണ്?, സിപിഎം നേതാക്കളായ പി രാജീവും സ്വരാജുമാണ് ഇതിന് പിന്നില്‍. ഇതാണ് അധമരാഷ്ട്രീയമെന്നും സതീശന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ ലഭിച്ച സൂചനകള്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും വി ഡി സതീശന്‍ പറഞ്ഞു. പോളിങ് ബൂത്തുകളില്‍ സ്ത്രീകളുടെ നിര രാവിലെ തന്നെ കണ്ടു. ഇത് യുഡിഎഫിനെ സംബന്ധിച്ച് ശുഭസൂചനയാണെന്നും സതീശന്‍ പറഞ്ഞു.