Pravasimalayaly

നവീന്‍ രാഖി കെട്ടുന്നതില്‍ ഷാജഹാന് എതിര്‍പ്പുണ്ടായിരുന്നു; ഇത് കൊലപാതകത്തിന് കാരണമായെന്ന് പൊലീസ്

പാലക്കാട്ടെ സിപിഐഎം പ്രവര്‍ത്തകന്‍ ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ പകയെന്ന് പൊലീസ്. കേസിലെ ഒന്നാം പ്രതിയായ നവീന്‍ കൈയില്‍ രാഖി കെട്ടുന്നതില്‍ ഷാജഹാന് എതിര്‍പ്പുണ്ടായിരുന്നു. ഇതേച്ചൊല്ലിയുള്ള തര്‍ക്കം ഉള്‍പ്പെടെ കൊലപാതകത്തിന് കാരണമായെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

ഷാജഹാന്റെ പാര്‍ട്ടിയിലെ വളര്‍ച്ചയില്‍ എതിര്‍പ്പുണ്ടായ പ്രതികള്‍ ആദ്യം പാര്‍ട്ടിയുമായി അകന്നു. ഷാജഹാന്‍ ബ്രാഞ്ച് സെക്രട്ടറിയായതില്‍ പ്രതികള്‍ വളരെ അസ്വസ്ഥരായിരുന്നെന്നും പൊലീസ് പറയുന്നു. പിന്നീട് പ്രതികള്‍ രാഖി കെട്ടിയത് ഷാജഹാന്‍ ചോദ്യം ചെയ്തതും കൊലപാതകദിവസം ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കവും കൊലപാതകത്തിലേക്ക് നയിച്ചതായി ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

കേസിലെ എട്ട് പ്രതികളും നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.ഒന്നാം പ്രതി നവീന്‍, ശബരീഷ്,അനീഷ്, സുജീഷ് എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.ശബരീഷ്,അനീഷ്, സുജീഷ് എന്നിവരാണ് ഒന്നാം പ്രതി നവീനിന്റെ സാന്നിധ്യത്തില്‍ വടിവാള്‍ ഉപയോഗിച്ച് ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഇന്ന് തന്നെ സംഭവസ്ഥലത്ത് തെളിവെടുപ്പിനെത്തിക്കും.

Exit mobile version