Pravasimalayaly

കവിയും ഗാന രചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു : മൺമറയുന്നത് നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ (ചാമരം), ഏതോ ജന്മ കല്‍പനയില്‍ (പാളങ്ങള്‍), അനുരാഗിണി ഇതായെന്‍ (ഒരു കുടക്കീഴില്‍), ശരറാന്തല്‍ തിരിതാഴും (കായലും കയറും) തുടങ്ങിയ ഹിറ്റ്‌ ഗാനങ്ങളുടെ രചയിതാവ്

പ്രശസ്ത ഗാന രചിയിതാവ് പൂവ്വച്ചല്‍ ഖാദര്‍ അന്തരിച്ചു. 73 വയസായിരുന്നു.
കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നിരവധി പ്രശസ്ത ഗാനങ്ങളുടെ രചയിതാവാണ്

മുന്നൂറിലേറെ ചിത്രങ്ങളിലായി രണ്ടായിരത്തോളം ഗാനങ്ങളെഴുതിയിട്ടുണ്ട്. ചാമരത്തിലെ നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ (ചാമരം), ഏതോ ജന്മ കല്‍പനയില്‍ (പാളങ്ങള്‍), അനുരാഗിണി ഇതായെന്‍ (ഒരു കുടക്കീഴില്‍), ശരറാന്തല്‍ തിരിതാഴും (കായലും കയറും) തുടങ്ങിയവ അദ്ദേഹത്തിന്റെ രചനകളാണ്. പൊതുമരാമത്തു വകുപ്പില്‍ എന്‍ജിനീയറായിരുന്നു.

1948 ഡിസംബര്‍ 25 ന് തിരുവനന്തപുരം ജില്ലയില്‍ കാട്ടാക്കടയ്ക്കു സമീപം പൂവച്ചലിലാണ് മുഹമ്മദ് അബ്ദുല്‍ ഖാദര്‍ എന്ന പൂവച്ചല്‍ ഖാദറിന്റെ ജനനം. പിതാവ് അബൂബക്കര്‍ പിള്ള. മാതാവ് റാബിയത്തുല്‍ അദബിയ ബീവി.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ കയ്യെഴുത്തുമാസികയില്‍ കവിതയെഴുതിയാണ് തുടക്കം. കോഴിക്കോട്ട് ജോലി ചെയ്യുന്നകാലത്ത് കവിത എന്ന സിനിമയ്ക്കു പാട്ടെഴുതിക്കൊണ്ട് 1972 ലാണ് ചലച്ചിത്രഗാനരചനയിലേക്കു കടന്നത്.
തളിരിട്ട മരം ചാടി കതിരിട്ട മിഴിയുമായ്, കസവിന്‍ തട്ടം ചൂടി കരിമിഴിമുനകള്‍ നീട്ടി എന്നിവയടക്കം പ്രശസ്തങ്ങളായ മാപ്പിളപ്പാട്ടുകളും ഖാദറിന്റേതായുണ്ട്. കളിവീണ, പാടുവാന്‍ പഠിക്കുവാന്‍ (കവിതാ സമാഹാരം), ചിത്തിരത്തോണി (ചലച്ചിത്രഗാനസമാഹാരം) എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: ആമിന. മക്കള്‍: തുഷാര, പ്രസൂന

Exit mobile version