Pravasimalayaly

യുദ്ധം രാഷ്ട്രീയത്തിന്റെയും മാനവികതെയുടെയും പരാജയമാണ്;ഫ്രാൻസിസ് മാർപ്പാപ്പ

“ഓരോ യുദ്ധവും ലോകത്തെ മുമ്പത്തേക്കാൾ മോശമാക്കുന്നു. യുദ്ധം രാഷ്ട്രീയത്തിന്റെയും മാനവികതെയുടെയും പരാജയമാണ്, അപമാനകരമായ കീഴടങ്ങലാണ്. പൈശാചിക ശക്തികൾക്ക് മുന്നിലുള്ള കടുത്ത പരാജയം” മാർപ്പാപ്പ ട്വിറ്ററിൽ കുറിച്ചു.

അതിനിടെ, ഫ്രാൻസിസ് മാർപ്പാപ്പ വത്തിക്കാനിലെ റഷ്യൻ എംബസി സന്ദർശിച്ച് റഷ്യൻ അധിനിവേശം സംബന്ധിച്ച തന്റെ ആശങ്ക പങ്കുവയ്ക്കുകയും ചെയ്തു. പ്രോട്ടോകോൾ മറികടന്നായിരുന്നു മാർപ്പാപ്പയുടെ അസാധാരണ നടപടി.

അതേസമയം, റഷ്യൻ സേന യുക്രൈനിന്റെ തലസ്ഥാനമായ കീവിൽ എത്തിയതായാണ് പുതിയ റിപ്പോർട്ടുകൾ. കീവിന്റെ പ്രധാന നഗരത്തിൽ റഷ്യൻ സേനയുമായി യുക്രൈൻ പട്ടാളം ഏറ്റുമുട്ടിയതായി യുക്രൈൻ സൈന്യത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.

മറ്റൊരു സംഭവത്തിൽ, താൻ ബങ്കറിലേക്ക് മാറിയെന്ന വാർത്തകളെ നിഷേധിച്ച് യുക്രൈൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി രംഗത്തെത്തി. ‘രാജ്യം വിട്ടു പോകില്ല, അവസാനം വരെ പോരാടും’ എന്നായിരുന്നു യുക്രൈൻ ജനതയോടുള്ള പ്രസിഡന്റിന്റെ വീഡിയോ സന്ദേശം. കീവിലെ പ്രസിഡന്റ് ഓഫീസിന് മുന്നിൽ നിന്നായിരുന്നു സന്ദേശം.

Exit mobile version