Sunday, November 17, 2024
HomeNewsKerala'പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന'; പോപ്പുലർ ഫ്രണ്ടിനെതിരെ ഇഡി; ഹർത്താലിൽ റിപ്പോർട്ട് തേടി കേന്ദ്രം

‘പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന’; പോപ്പുലർ ഫ്രണ്ടിനെതിരെ ഇഡി; ഹർത്താലിൽ റിപ്പോർട്ട് തേടി കേന്ദ്രം

പോപ്പുലർ ഫ്രണ്ടിനെതിരെ ഗുരുതര ആരോപണമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. ഈ വർഷം ജൂലൈയിൽ ബീഹാറിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. കേരളത്തിൽ നിന്ന് വ്യാഴാഴ്ച ഇഡി അറസ്റ്റ് ചെയ്ത ഷഫീഖ് പിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 

രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര സേനയുടെ സഹായത്തോടെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്ന പരിശോധനയിൽ എൻഐഎക്ക് ഒപ്പം ഇഡിയും പങ്കാളിയായിരുന്നു. 45 പേരാണ് എൻഐഎയുടെ കസ്റ്റഡിയിലുള്ളത്. ഇഡി നാല് പേരെയും കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ മൂന്ന് പേർ ദില്ലിയിൽ നിന്നുള്ളയാളും ഒരാൾ കേരളത്തിൽ നിന്നുള്ള ഷഫീഖ് പിയാണ് എന്നയാളുമാണെന്നാണ് വിവരം. 

2018 മുതൽ ആരംഭിച്ച ഒരു കേസിലാണ് പ്രതികളെ പിടികൂടിയത്. ഇഡി കസ്റ്റഡിയിലുള്ള നാല് പേരുടെയും ഭാഗത്തേക്ക് കൂടുതൽ അന്വേഷണം വേണമെന്നാണ് ഇഡി ആവശ്യം. ജൂലൈയിൽ ബീഹാറിലെ പറ്റ്‌നയിൽ വെച്ച് നടന്ന റാലിയിൽ വെച്ചാണ് പ്രധാനമന്ത്രിയെ വധിക്കാൻ ശ്രമിച്ചതെന്നാണ് ഇഡി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. യുപിയിൽ നിന്നുള്ള ചില നേതാക്കളെയും വധിക്കാൻ നീക്കം  നടന്നുവെന്നും ഇതിനായി പരിശീലനം നൽകിയെന്നും റിപ്പോർട്ടിലുണ്ട്. 

മലയാളിയായ ഷഫീഖിനെതിരെ ഗുരുതര ആരോപണമാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. ഖത്തറിലെ ഒരു കമ്പനിയിലായിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത്. ഈ ബന്ധങ്ങൾ വഴിയാണ് ഭീകരപ്രവർത്തനങ്ങൾക്കുള്ള പണം സമാഹരിച്ചത്. ആകെ 120 കോടി രൂപ വിദേശത്ത് നിന്നും ഭീകരപ്രവർത്തനങ്ങൾക്ക് വേണ്ടി സമാഹരിച്ചുവെന്നും ഇതിനുള്ള തെളിവുകൾ ലഭിച്ചെന്നും ഇഡി റിപ്പോർട്ടിൽ പറയുന്നു. 

അതേസമയം കേരളത്തിൽ നടന്ന പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കേന്ദ്രം റിപ്പോർട്ട് തേടി.കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്ത് പരക്കെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments