International Desk
Raju George
ലണ്ടൻ : കോവിഡ് 19 മരണം ബ്രിട്ടനിൽ ആയിരം കവിഞ്ഞു. 17000 ൽ അധികം ആളുകൾക്കാണ് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചത്. പ്രതിരോധ പ്രവർത്തനങ്ങളിലും ആരോഗ്യ മേഖലയിൽ അവശ്യവസ്തുക്കളുടെ ലഭ്യത അപര്യാപ്തമാണെന്നുള്ള ആരോപണം ഉയരുന്ന സാഹചര്യത്തിൽ രോഗാചംക്രമണം ഉണ്ടാവാതിരിക്കുവാനുള്ള ഉപകരണങ്ങൾ ആശുപത്രികളിലും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ലഭ്യമാണോ എന്ന സർവ്വേയുമായി എത്തിയിരിക്കുകയാണ് യുകെ യിലെ മുൻനിര സംഘടനയായ യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻ. അസോസിയേഷന്റെ പോഷക സംഘടനയായ യുക്മ നഴ്സസ് ഫോറം ആണ് സർവ്വേ തയ്യാറാക്കിയിരിക്കുന്നത്.

PPE സാമഗ്രികളുടെ ലഭ്യതയെക്കുറിച്ച് മലയാളി സമൂഹത്തിൽ നിലനിൽക്കുന്ന ആശങ്ക പ്രധാനമന്ത്രി, ഹെൽത്ത് സെക്രട്ടറി, ഷാഡോ ഹെൽത്ത് സെക്രട്ടറി എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തിക്കഴിഞ്ഞു എന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് എന്നിവർ അറിയിച്ചു. നേരത്തേ നൽകിയിരിക്കുന്ന പരാതിയുടെ തുടർച്ചയെന്ന നിലയിൽ വ്യക്തമായ കണക്കുകളോടെ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുന്നതിനാണ് ഈ സർവ്വേ നടത്തുന്നതെന്ന് യുക്മ നേഴ്സസ് ഫോറം ദേശീയ കോർഡിനേറ്റർ സാജൻ സത്യൻ വ്യക്തമാക്കി
യുക്മ നഴ്സസ് ഫോറം തയ്യാറാക്കിയ ചോദ്യാവലി യുക്മ യിൽ അംഗമായ അസോസിയേഷനിൽ എത്തിച്ചു കഴിഞ്ഞു. സമൂഹ നന്മയ്ക്കായി ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ ഈ മഹത് സംരംഭത്തിൽ പങ്കാളികളാവണമെന്നും കൂടുതൽ ആരോഗ്യ പ്രവർത്തകരിലെയ്ക്ക് ഇത് എത്തിയ്ക്കണമെന്നും നഴ്സസ് ഫോറം പ്രസിഡന്റ് സിന്ധു ഉണ്ണി, സെക്രട്ടറി ലീനുമോൾ ചാക്കോ എന്നിവർ അഭ്യർത്ഥിച്ചു. സർവേയിൽ പങ്കെടുക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക