ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. കൊച്ചി കുസാറ്റ് റോഡിലുള്ള അൽഫിയ നഗറിലെ വില്ലയിലാണ് പരിശോധന നടത്തിയത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കണ്ടെത്താൻ വേണ്ടിയാണ് റെയ്‌ഡെന്നും സിനിമ പ്രവർത്തകർ ഒത്തുകൂടുന്ന ഇടമാണിതെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. എന്നാൽ സുരാജിന്റെ വീട്ടിൽ നിന്നും അന്വേഷണ സംഘം ഒന്നും കണ്ടെത്തിയില്ല.
വധഗൂഢാലോചന കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ദിലീപ്ഹൈ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. അഭിഭാഷകൻ ബി.രാമൻ പിള്ള മുഖേനയാണ് ഹൈക്കോടതിയെ സമീപിച്ചത്. എഫ്‌ഐആർ കെട്ടിച്ചമച്ചതാണെന്നും തെളിവുകൾ വിശ്വാസയോഗ്യമല്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു.
നടിയെ ആക്രമിച്ചക്കേസ് അട്ടിമറിക്കാനാണ് അന്വേഷണവുമായി മുന്നോട്ട് പോകുന്നതെന്നാണ് ദിലീപ് ഉയർത്തുന്ന ആരോപണം. വധഗൂഢാലോചന കേസിൽ കഴിഞ്ഞ ദിവസം ദിലീപിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും, പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. പ്രോസിക്യൂഷൻ വാദങ്ങൾ ഭൂരിഭാഗവും തള്ളിയായിരുന്നു കോടതി വിധി.