Pravasimalayaly

ഒളിമ്പിക്സ് മെഡൽ ജേതാവ് പി ആർ ശ്രീജേഷിന് സംസ്‌ഥാന സർക്കാർ രണ്ട് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു

ഹോക്കി ഒളിമ്പിക്‌സ് മെഡല്‍ ജേതാവ്പി ആര്‍ ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കായിക മന്ത്രി വി അബ്ദുറഹ്മാനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. ശ്രീജേഷിന് വിദ്യാഭ്യാസ വകുപ്പില്‍ ജോയിന്റ് ഡയറക്ടറായി ഉദ്യോഗക്കയറ്റം നല്‍കാനും തീരുമാനിച്ചു. നിലവില്‍ ഡെപ്യൂട്ടി ഡയറക്ടറാണ് ശ്രീജേഷ്.

ശ്രീജേഷിന് പുറമെ ഒളിമ്പിക്‌സില്‍ പങ്കെടുത്ത മറ്റ് മലയാളി താരങ്ങള്‍ക്ക അഞ്ച് ലക്ഷം രൂപ വീതം പാരിതോഷികവും നല്‍കുമെന്നും മന്ത്രി അറിയിച്ചു

ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാന്‍ വൈകുന്നതില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ വലിയ വിമര്‍ശം ഉയര്‍ന്നിരുന്നു. പ്രഖ്യാപനം വൈകുന്നത് സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മോശമായതുകൊണ്ടെന്ന് മുന്‍ കായികമന്ത്രിയും സിപിഎം നേതാവുമായ ഇ പി ജയരാജന്‍ ഇന്ന് പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കാതെ പാരിതോഷികം പ്രഖ്യാപിക്കാനാവില്ല. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വിഷയം കാബിനറ്റ് ചര്‍ച്ച ചെയ്ത ശേഷം ഒറ്റക്കെട്ടായ തീരുമാനം എടുക്കണം. പ്രഖ്യാപനം സര്‍ക്കാര്‍ വൈകിക്കുന്നതല്ലെന്നും നിരവധി നടപടിക്രമങ്ങള്‍ ഇക്കാര്യത്തില്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും ജയരാജന്‍ വ്യക്തമാക്കിയിരുന്നു

Exit mobile version